17
Oct 2026
Sat
17 Oct 2026 Sat

ന്യൂഡൽഹി: തിരംഗ മാർച്ച് നടത്താനുള്ള നീക്കത്തിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാവ് അഭിജീത് ദീപ്കെക്ക് ഉപാധികളോടെ ജാമ്യം. ശനിയാഴ്ച സമാധാനപാലന ബോണ്ടിൽ ഒപ്പിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ ‘ലഹ്‌റാ ദോ തിരംഗ’ എന്ന പേരിൽ മാർച്ച് നടത്താനായിരുന്നു ദീപ്കെയുടെ നീക്കം. എന്നാൽ മാർച്ച് നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് ഡൽഹി പൊലീസ് അദ്ദേഹത്തിന് കൈമാറി. ഇത് അംഗീകരിക്കാൻ ദീപ്കെ തയ്യാറായില്ല. പിന്നാലെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

എൻസിപി (ശരദ്‌ചന്ദ്ര പവാർ) വക്താവ് അനീഷ് ഗാവണ്ടെയുടെ കരോൾ ബാഗിലെ വസതിയിൽനിന്ന് വെള്ളിയാഴ്ച വൈകിട്ട് 4.50ഓടെയാണ് ദീപ്കെ പുറത്തേക്കിറങ്ങിയത്. മഹാത്മാഗാന്ധിയുടെ ചിത്രം പതിച്ച വെള്ള ടീ ഷർട്ടായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. പുറത്തിറങ്ങി ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് അദ്ദേഹത്തെ തടഞ്ഞുനിർത്തി.

‘ഞാൻ ഒറ്റയ്ക്കാണ്. എന്നെ തടയുന്നത് എന്തിനാണ്?’

പൊലീസ് തടഞ്ഞപ്പോൾ ദീപ്കെ ചോദിച്ച വാക്കുകളാണിത്. തുടർന്ന് അദ്ദേഹം ദേശീയപതാക ഉയർത്തി. ഇതിനിടെ പൊലീസ് അദ്ദേഹത്തെ ബലമായി വാഹനത്തിലേക്ക് തള്ളിക്കയറ്റിയെന്നാണ് റിപ്പോർട്ട്.

ദീപ്കെയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അദ്ദേഹത്തെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും അഭിഭാഷകരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചിരുന്നു.

ഇതിനിടെ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയെക്കുറിച്ചും ആശങ്ക ഉയർന്നു. മണിക്കൂറുകളോളം വിവരമൊന്നും ലഭിക്കാതിരുന്ന നേഹയെ പിന്നീട് ഡൽഹിയിലെ ആർ.കെ. പുരം പൊലീസ് സ്റ്റേഷനിൽ കണ്ടെത്തിയതായി സംഘടന അറിയിച്ചു.

നേഹയെ അർധരാത്രിവരെ കസ്റ്റഡിയിൽ വെച്ചത് എന്തിനാണെന്ന് AISA ചോദ്യം ചെയ്തു. സമാധാനപരമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ തടയുന്നതിനെതിരെയും സംഘടന രംഗത്തെത്തി.

ദേശീയപതാകയുമായി നടക്കുന്നത് എങ്ങനെയാണ് കുറ്റകൃത്യമാകുന്നതെന്ന് കോക്രോച്ച് ജനതാ പാർട്ടിയും ചോദിച്ചു. ദീപ്കെയെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം, അദ്ദേഹത്തെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നത്, മുൻകരുതൽ തടങ്കലിന് ഉപയോഗിച്ച നിയമവ്യവസ്ഥകൾ എന്നിവ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കത്തയച്ചു.

തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് ദീപ്കെയെയും നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതിഷേധവും ചോദ്യങ്ങളും ഉയരുന്നതിനിടെയാണ് ദീപ്കെക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചത്.

ALSO READ:അൽ ഐനിൽ തിരൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക