27
Nov 2024
Fri
27 Nov 2024 Fri
two arrested for making fake currencies with rs 10 stamp paper

10 രൂപയുടെ മുദ്രപ്പത്രം വാങ്ങി 500 രൂപയുടെ കള്ളനോട്ട് നിര്‍മിച്ചുവന്ന രണ്ടുപേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലാണ് സംഭവം. 30000 രൂപയുടെ കള്ളനോട്ടുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സതീഷ് റായി, പ്രമോദ് മിശ്ര എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത കള്ളനോട്ടുകള്‍ക്കെല്ലാം ഒറ്റ സീരിയല്‍ നമ്പരായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിര്‍സാപൂറില്‍ നിന്നാണ് ഇവര്‍ 10 രൂപയുടെ മുദ്രപ്പത്രങ്ങള്‍ വാങ്ങിയത്. തുടര്‍ന്ന് 500 രൂപാ നോട്ട് കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്തശേഷം മുദ്രപ്പത്രത്തില്‍ പ്രിന്റെടുക്കുകയായിരുന്നു. അതിവിദഗ്ധമായായിരുന്നു ഇവര്‍ കള്ളനോട്ട് പ്രിന്റ് ചെയ്തതെന്നും സാധാരണക്കാരന് ഇത് തിരിച്ചറിയാന്‍ പ്രയാസമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സോന്‍ഭദ്രയിലെ രാംഗഡ് മാര്‍ക്കറ്റില്‍ പണം ചെലവഴിക്കാന്‍ പോവുന്ന വഴിയാണ് ഇരുവരും പിടിയിലായത്.

പരസ്യങ്ങള്‍ പ്രിന്റ് ചെയ്യുകയായിരുന്നു ഇരുവരുടെയും തൊഴിലെന്നും യുട്യൂബില്‍ കള്ളനോട്ട് നിര്‍മാണരീതി കണ്ടതിനെ തുടര്‍ന്നാണ് വ്യാജ നോട്ട് നിര്‍മാണത്തിലേക്ക് ഇരുവരും തിരഞ്ഞതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും കൈവശമുണ്ടായിരുന്ന കാര്‍, ലാപ്‌ടോപ്, പ്രിന്റര്‍, 27 മുദ്രപ്പത്രങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.