04
Jan 2025
Tue
04 Jan 2025 Tue
UAE will send special team for International investment meet

ദുബൈ ഇന്‍വെസ്റ്റര്‍ മീറ്റിന് തുടക്കമായി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബുദാബി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമ (ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്) ത്തില്‍ പങ്കെടുക്കുന്നതിന് യുഎഇ പ്രത്യേക സംഘത്തെ അയയ്ക്കും. സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം യുഎഇ സ്വീകരിച്ചു. യുഎഇ കാബിനറ്റ് മിനിസ്റ്റര്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് മുഹമ്മദ് ഹസന്‍ അല്‍ സുവൈദി, വ്യവസായ മന്ത്രി പി രാജീവുമായി അബൂദബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നിക്ഷേപക സംഗമത്തിന്റെ ഭാഗമായുള്ള ഇന്‍വെസ്റ്റര്‍ മീറ്റിനും റോഡ് ഷോയ്ക്കും ദുബയില്‍ തുടക്കമായി.

കേരളത്തില്‍ ലോജിസ്റ്റിക്‌സ്, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപത്തിന് താല്‍പര്യമുള്ളതായി യു.എ.ഇ മിനിസ്റ്റര്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് മുഹമ്മദ് ഹസന്‍ അല്‍ സുവൈദി പറഞ്ഞു. ഐ.കെ.ജി.എസില്‍ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങള്‍ വിലയിരുത്തും. അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവിനെ അറിയിച്ചു.

ഐ.കെ.ജി.എസിന് മുന്‍പായി പ്രാഥമിക പരിശോധനകള്‍ക്കായി ചേംബറിന്റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് അയക്കും. ലഭ്യമായ സ്ഥലങ്ങള്‍ പരിശോധിക്കുന്നതിനും നിക്ഷേപ മേഖലകള്‍ വിലയിരുത്തുന്നതിനുമാണ് ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നത്. ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്റ് തലവനുമായ അഹമ്മദ് ജാസിം, ഫസ്റ്റ് വൈസ് ചെയര്‍മാന്‍ ഡോ. സഈദ് ബിന്‍ ഹര്‍മാല്‍ അല്‍ ദഹേരി, സെക്കന്റ് വൈസ് ചെയര്‍മാന്‍ ഡോ. ഷാമിസ് അലി ഖല്‍ഫാന്‍ അല്‍ ദഹേരി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

രണ്ടു ദിവസത്തെ ദുബൈ ഇന്‍വെസ്റ്റര്‍ മീറ്റിലും റോഡ് ഷോയിലുമായി പ്രധാന വ്യവസായികള്‍, വാണിജ്യ സംഘടനകള്‍ എന്നിവരുമായി കൂടിക്കാഴ്ചയും ചര്‍ച്ചകളും നടക്കും. വ്യവസായ മന്ത്രി പി.രാജീവ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എ മുഹമ്മദ് ഹനീഷ്, കെ.എസ്.ഐഡി.സി എം.ഡി എസ് ഹരികിഷോര്‍, ഒ. എസ്.ഡി ആനി ജൂല തോമസ് തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക