യാത്രക്കാരിക്കുനേരെ ജനനേന്ദ്രിയം പ്രദർശിപ്പിച്ച് ഊബർ ഡ്രൈവർ. ബംഗളുരുവിലാണ് സംഭവം. താൻ നേരിട്ട ദുരനുഭവം യാത്രക്കാരി സാമൂഹികമാധ്യമത്തിലാണ് വെളിപ്പെടുത്തിയത്.
|
ബിടിഎം രണ്ടാം സ്റ്റേജിൽ നിന്ന് ജെപി നഗർ മെട്രോയിലേക്കാണ് യുവതി ഊബർ ബുക്ക് ചെയ്തത്. വാഹനം കൃത്യസമയത്തു വന്നു. എന്നാൽ പുറപ്പെട്ടു തുടങ്ങിയ വാഹനം മറ്റൊരു വഴിയെ പോവാൻ തുടങ്ങിയതോടെ യുവതി ഇതേക്കുറിച്ച് ഡ്രൈവറോട് തിരക്കി. തുടർന്ന് ഡ്രൈവർ ശരിയായ പാത തിരഞ്ഞെടുത്തു.
തുടക്കത്തിലുണ്ടായ അസ്വാഭാവികത കണക്കിലെടുത്ത് യുവതി ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവർക്ക് ഓട്ടത്തിന്റെ പണം കൈമാറിയ സമയത്തായിരുന്നു ഇയാൾ തന്റെ ലിംഗം യുവതിക്കു നേരെ പ്രദർശിപ്പിച്ചത്. പരിഭ്രാന്തയായ യുവതി ഇവിടെയുണ്ടായിരുന്ന ആളുകൾക്കടുത്തേക്ക് ഓടിപ്പോവുകയും ചെയ്തു.
പിന്നീടാണ് സാമൂഹികമാധ്യമത്തിൽ ഊബറിനെ മെൻഷൻ ചെയ്ത് തന്റെ ദുരനുഭവം പങ്കുവച്ചത്. രാകേഷ് വൈ ജി എന്ന ഡ്രൈവറാണ് തനിക്കു നേരെ ലിംഗപ്രദർശനം നടത്തിയതെന്നും യുവതി കുറിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ഡ്രൈവർക്കെതിരേ നടപടി സ്വീകരിച്ചതായി ഊബർ യുവതി അറിയിച്ചിട്ടുണ്ട്.


