കൊല്ലം: മദ്യലഹരിയിൽ അടിപിടി കൂടുന്നതിനിടെ അമ്മാവൻ ഉലക്ക കൊണ്ട് തലയ്ക്കടിച്ച യുവാവ് മരിച്ചു. കൊല്ലം തൃക്കരുവയിൽ ആണ് സംഭവം. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. ബിനുവിനെ തലയ്ക്കടിച്ചുകൊന്ന കരുവ സ്വദേശിയായ അമ്മാവന്‍ വിജയകുമാറി(48)നെ പൊലീസ് അറസ്റ്റ് ചെയ്തു.
|
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബിനുവും അമ്മാവന്‍ വിജയകുമാറും ഒരുമിച്ചായിരുന്നു താമസം. ബിനു പെയിന്റിങ് തൊഴിലാളിയാണ്. ഇരുവരും രാത്രി മദ്യപിച്ചെത്തി ദിവസവും വഴക്ക് കൂടാറുണ്ടായിരുന്നു. സംഭവദിവസം രാത്രിയും ഇരുവരും തമ്മില്‍ തർക്കവും അടിപിടിയുമുണ്ടായി.
വാക്കേറ്റത്തെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ബിനുവിനെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് അഞ്ചാലുംമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



