04
Jul 2023
Mon
04 Jul 2023 Mon

മഞ്ചേരി: ജീവനൊടുക്കാന്‍ ഫറോഖ് പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയില്‍ ചാടിയ നവദമ്പതികളില്‍ ഭാര്യയെ സമയോചിത ഇടപെടലില്‍ രക്ഷപ്പെടുത്തിയവര്‍ ഇനി അജ്ഞാതരല്ല. മലപ്പുറം മഞ്ചേരി ജെടിഎസ് സ്‌കൂളിനു സമീപം തട്ടാന്‍പുറത്ത് ജിതിന്റെ ഭാര്യ വര്‍ഷ(23)യെ പാലത്തില്‍ നിന്ന് കയറിട്ടുകൊടുത്തു രക്ഷിച്ചവരെ തിരിച്ചറിഞ്ഞു. സംഭവസമയം ഇതുവഴി വന്ന മഞ്ചേരി തുറക്കല്‍ സ്വദേശി ഫൈസല്‍ കുരിക്കളും സുഹൃത്തുക്കളായ മുള്ളമ്പാറ സ്വദേശികള്‍ മുഹമ്മദ് ഷെരീഫും അന്‍വറും വാഴക്കാട് മപ്രം സ്വദേശിയും ലോറി ഡ്രൈവറുമായ ജാബിറുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സംഭവത്തെക്കുറിച്ച് ഫൈസല്‍ കുരിക്കള്‍ പറയുന്നതിങ്ങനെ:-

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ചേരിയില്‍ സ്‌ക്രാപ് ബിസിനസ് ചെയ്യുന്ന തങ്ങള്‍ വ്യാപാര ആവശ്യാര്‍ഥം കോഴിക്കോട് നല്ലളം പോയി മടങ്ങുകയായിരുന്നു. ഫറോഖ് പാലത്തില്‍ എത്തിയപ്പോള്‍ ഇവിടെ ആളുകള്‍ പുഴയിലേക്ക് നോക്കി തലയില്‍ കൈവച്ച് നില്‍ക്കുന്നത് കണ്ട് കാര്‍ നിര്‍ത്തി. ഇറങ്ങി നോക്കിയപ്പോള്‍ രണ്ടുപേര്‍ പുഴയില്‍ കൈയിട്ടടിക്കുന്നതു കണ്ടു. ഇവരെ രക്ഷിക്കാനായി വഴി നോക്കുമ്പോഴാണ് പാലത്തില്‍ നിര്‍ത്തിയ ലോറി കണ്ടത്.

തുടര്‍ന്ന് ലോറിയില്‍ ചാടിക്കയറി കാബിന്‍ ടോപ്പില്‍ നിന്ന് കയര്‍ എടുത്ത് പുഴയിലേക്കിടുകയായിരുന്നു. യുവതിക്കു കയറില്‍ പിടുത്തം കിട്ടുകയും യുവാവ് കുറച്ചുമാറിയായതിനാല്‍ കയറിന്റെ അരികിലേക്ക് എത്താന്‍ കഴിഞ്ഞതുമില്ല. ഈ സമയം അതുവഴി പോയ തോണിക്കാരനെ വിളിച്ച് മുങ്ങിത്താഴുന്ന ഇരുവര്‍ക്കുമടുത്തേക്ക് വരാനും നിര്‍ദേശിച്ചു. തോണിക്കാരന്‍ തുഴ നീട്ടി പിടിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവിന് കഴിഞ്ഞില്ല.

വള്ളത്തില്‍ പിടിക്കാന്‍ ശ്രമിച്ച യുവാവ് മുങ്ങിത്താഴുകയായിരുന്നു. യുവതിയെ വള്ളത്തില്‍ വലിച്ചുകയറ്റിയാണ് കരയ്ക്കടുപ്പിച്ചത്. യുവതിയെ രക്ഷപ്പെടുത്തിയതിനു പിന്നാലെ കൂട്ടുകാരും താനും തിരിച്ചുപോരുകയായിരുന്നുവെന്നും ഫൈസല്‍ കുരിക്കള്‍ പറയുന്നു. സംഭവസമയം ലോറിയിലെ കയര്‍ കെട്ടുനിവര്‍ത്തി ഇടുന്നതിനും മറ്റും ഒരാള്‍ കൂടി തന്റെ സഹായത്തിനുണ്ടായിരുന്നുവെന്ന് ഫൈസല്‍ കുരിക്കള്‍ ന്യൂസ് ടാഗ് ലൈവിനോട് പറഞ്ഞു. അത് മപ്രം സ്വദേശിയായ ലോറി ഡ്രൈവറായ ജാബിര്‍ ആയിരുന്നു. ജിതിനെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞല്ലോ എന്ന ചാരിതാര്‍ഥ്യത്തിലാണ് ഫൈസലും കൂട്ടരും. അപകടത്തില്‍പ്പെട്ടു റോഡില്‍ കിടന്നവരെ ആശുപത്രിയിലാക്കിയത് അടക്കം നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ മുമ്പും ഫൈസല്‍ നടത്തിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക