|
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞവർഷം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കൊണ്ടുവന്ന ലൗ ജിഹാദ് വിരുദ്ധ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ശിക്ഷാവിധി. ലൗ ജിഹാദ് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ അംറോഹ സ്വദേശിയും മരപ്പണിക്കാരനുമായ അഫ്സലി (26)നാണ് കോടതി അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചത്.
പ്രതി അഫ്സൽ തന്റെ പേരും മതവും മറച്ചു വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയതായി പ്രോസിക്യൂഷൻ തെളിയിച്ചെന്ന് പറഞ്ഞാണ് അംറോഹ പോക്സോ കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്ജി കപില രാഘവ് വിധി പറഞ്ഞത്. പെൺകുട്ടിയുടെ ആഗ്രഹത്തിനു വിപരീതമായാണ് മതം മാറ്റം നടന്നതെന്നും മതം മാറിയ ശേഷം അവളെ വിവാഹം കഴിക്കാൻ ഡൽഹിയിലേക്ക് കൊണ്ടുപോയെന്നും കോടതി ആരോപിച്ചു.
ജോലിക്കായി വീട്ടില്‍ നിന്നു പോയ മകള്‍ തിരിച്ചെത്തിയില്ലെന്നും അവളെ അഫ്സൽ തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് കഴിഞ്ഞ വർഷം ഏപ്രിലിൽ ഡൽഹിയിൽ നിന്നാണ് അഫ്സലിനെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മതം മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്തെന്നും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കോടതി പറഞ്ഞു.
ഐപിസി 363, 366, 354, 506 വകുപ്പുകൾ പ്രകാരവും പോക്സോ നിയമ പ്രകാരവും ആന്റി ലൗ ജിഹാദ് നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് അഫ്സലിനെതിരെ കേസെടുത്തത്. ആദ്യം തട്ടിക്കൊണ്ടുപോകലിനു മാത്രമായിരുന്നു കേസെടുത്തിരുന്നതെങ്കിലും പിന്നീട് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തുകയായിരുന്നു.
മതം മാറ്റുക എന്ന ഉദ്ദേശത്തോടെ ഇരയെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുകയും നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്ന ഉദ്ദേശത്തോടെ അവളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നും പിതാവ് പരാതിയിൽ ആരോപിക്കുന്നു. നിയമത്തിൽ എവിടെയും മതപരിവർത്തനം നിരോധിച്ചിട്ടില്ലെന്നും ഏത് മതം പിന്തുടരാനും സ്വീകരിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നുമാണ് ആദ്യം കോടതി നിരീക്ഷിച്ചത്.
എങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയോ, ബലപ്രയോഗത്തിലൂടെയോ, അനാവശ്യ സ്വാധീനത്തിലൂടെയോ, നിർബന്ധത്തിലൂടെയോ, ഏതെങ്കിലും വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ നിർബന്ധിത വിവാഹത്തിലൂടെയോ നിയമവിരുദ്ധമായി ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് യുപിയിലെ ആന്റി ലവ് ജിഹാദ് നിയമപ്രകാരം ശിക്ഷാർഹമാണെന്നും കോടതി പറഞ്ഞു. നിരവധി മുസ്ലിം യുവാക്കളെയാണ് നിർബന്ധിത മതപരിവർത്തന ശ്രമം ആരോപിച്ച് യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.





