19
May 2026
Tue
19 May 2026 Tue
adani case

ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെയുള്ള ക്രിമിനല്‍ വഞ്ചനാക്കുറ്റങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് നേതൃത്വം നല്‍കുന്ന യു.എസ് ഭരണകൂടം പിന്‍വലിച്ചു. ഇതോടൊപ്പം അദാനി എന്റര്‍പ്രൈസസിന് (AEL) എതിരെയുണ്ടായിരുന്ന ഇറാന്‍ ഉപരോധ ലംഘനക്കേസ് പിഴയോടെ ഒത്തുതീര്‍പ്പാക്കിയതായും യു.എസ് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് ഈ നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ ന്യൂയോര്‍ക്കില്‍ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റീസ് വഞ്ചന, വയര്‍ തട്ടിപ്പ് തുടങ്ങിയ എല്ലാ ക്രിമിനല്‍ കുറ്റങ്ങളും യു.എസ് നീതിന്യായ വകുപ്പ് (DoJ) സ്ഥിരമായി ഒഴിവാക്കി. ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പ്രൊസിക്യൂട്ടര്‍മാര്‍ കേസ് അവസാനിപ്പിച്ചത്. ഇതോടെ അദാനി ഗ്രൂപ്പിനെതിരെ യു.എസില്‍ നിലവിലുണ്ടായിരുന്ന ഭൂരിഭാഗം നിയമനടപടികളും അവസാനിച്ചു.

അമേരിക്കയില്‍ 10 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 84,000 കോടിയിലധികം രൂപ) നിക്ഷേപം നടത്താന്‍ അദാനിക്ക് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ ഈ കേസുകള്‍ കാരണം അതിന് സാധിക്കുന്നില്ലെന്നും അദാനിയുടെ അഭിഭാഷകനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിഗത അഭിഭാഷകനുമായ റോബര്‍ട്ട് ഗിയൂഫ്ര ജൂനിയര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നതായി ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ALSO READ: സാന്‍ ഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദില്‍ വെടിവെപ്പ്; സുരക്ഷാ ജീവനക്കാരനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, രണ്ട് കൗമാരക്കാരായ അക്രമികളും മരിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിയുടെ അനുമതിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കാന്‍ അദാനി ഗ്രൂപ്പ് ശ്രമിച്ചു എന്നതായിരുന്നു കേസ്. എന്നാല്‍ ഈ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിച്ചിരുന്നു.

ഇറാന്‍ ഉപരോധ കേസ് ഒത്തുതീര്‍പ്പാക്കി

തിങ്കളാഴ്ച പുലര്‍ച്ചെ, ഇറാനെതിരെയുള്ള യു.എസ് ഉപരോധങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട സിവില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് (AEL) യു.എസ് ട്രഷറി വകുപ്പിന്റെ ‘ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോളുമായി’ (OFAC) കരാറിലെത്തി. ഇതിനായി 275 മില്യണ്‍ ഡോളര്‍ (ഏകദേശം 2,300 കോടി രൂപ) ഒത്തുതീര്‍പ്പ് തുകയായി അദാനി ഗ്രൂപ്പ് നല്‍കും.

കുറ്റം സമ്മതിക്കാതെയാണ് കമ്പനി ഈ ഒത്തുതീര്‍പ്പിന് തയ്യാറായതെന്ന് അദാനി എന്റര്‍പ്രൈസസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. നിയമപ്രകാരം ചുമത്താവുന്ന പരമാവധി പിഴയായ 384 മില്യണ്‍ ഡോളറില്‍ നിന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ തുക 275 മില്യണ്‍ ഡോളറായി കുറച്ചത്.

കഴിഞ്ഞ ആഴ്ച, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു എന്ന സിവില്‍ കേസില്‍ ഗൗതം അദാനിയും സാഗര്‍ അദാനിയും യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി (SEC) ധാരണയിലെത്തിയിരുന്നു. കോടതി അംഗീകരിച്ചാല്‍ ഗൗതം അദാനി 6 മില്യണ്‍ ഡോളറും സാഗര്‍ അദാനി 12 മില്യണ്‍ ഡോളറും സിവില്‍ പിഴയായി നല്‍കേണ്ടിവരും.

എന്തായിരുന്നു ഇറാന്‍ ഉപരോധ കേസ്?

യു.എസ് ഏജന്‍സിയായ OFAC വ്യക്തമാക്കുന്നതനുസരിച്ച്, 2023 നവംബര്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ ദുബായ് ആസ്ഥാനമായുള്ള ഒരു വ്യാപാരിയില്‍ നിന്ന് അദാനി എന്റര്‍പ്രൈസസ് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) വാങ്ങിയിരുന്നു. ഒമാനില്‍ നിന്നും ഇറാഖില്‍ നിന്നും ഉള്ള ഗ്യാസ് എന്ന വ്യാജേനയാണ് ഇത് നല്‍കിയതെങ്കിലും, ഈ എല്‍.പി.ജി യഥാര്‍ത്ഥത്തില്‍ ഇറാനില്‍ നിന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന സൂചനകള്‍ (Red flags) ഉണ്ടായിരുന്നു.

ഈ കാലയളവില്‍ എല്‍.പി.ജി ഇറക്കുമതിക്കായി യു.എസ് ഡോളര്‍ അധിഷ്ഠിതമായ 32 ഇടപാടുകളിലൂടെ ആകെ 192,104,044 ഡോളര്‍ യു.എസ് ബാങ്കുകള്‍ വഴി അദാനി എന്റര്‍പ്രൈസസ് കൈമാറി. ഇത് യു.എസിന്റെ ഇറാന്‍ ഉപരോധത്തിന്റെ ലംഘനമാണ്. അദാനി ഗ്രൂപ്പ് ഈ വിവരം സ്വമേധയാ വെളിപ്പെടുത്തിയിരുന്നില്ല എങ്കിലും, അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിച്ചതും തുടര്‍ന്ന് സ്വീകരിച്ച തിരുത്തല്‍ നടപടികളും കണക്കിലെടുത്താണ് പിഴത്തുക കുറച്ച് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് OFAC അറിയിച്ചു.

തങ്ങള്‍ വാങ്ങിയ ഗ്യാസ് ഇറാനില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന രേഖകളൊന്നും തുടക്കത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. എന്നാല്‍ ഒടുവില്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഇന്ത്യയിലേക്കുള്ള എല്‍.പി.ജി ഇറക്കുമതി പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയും തങ്ങളുടെ ഉപരോധ വിരുദ്ധ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

US clean chit for Adani after Iran deal, offer to invest $10 billion