ഇറാനെതിരെ യുദ്ധം നടത്താനുള്ള തീരുമാനം വന്‍ അബദ്ധമാണെന്ന് അമേരിക്കയില്‍ നടന്ന അഭിപ്രായ സര്‍വേ. യുദ്ധം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെയും ലോക സമ്പദ് വ്യവസ്ഥയെയും താറുമാറാക്കിയെന്നും ഇന്ധനവിലയില്‍ കുതിച്ചുചാട്ടമുണ്ടായതോടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലായി എന്നും ജനങ്ങള്‍ വെളിപ്പെടുത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് എബിസി-ഇപ്‌സോസ് പോള്‍ പറയുന്നു.
|
61 ശതമാനം ജനങ്ങളാണ് ഇറാനെതിരായ സൈനിക നടപടി അനാവശ്യമായിരുന്നുവെന്നും നാശം മാത്രമാണ് യുദ്ധം സൃഷ്ടിച്ചതെന്നും അഭിപ്രായപ്പെട്ടത്.
അതേസമയം, ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിച്ചുവെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ട്രംപ് കത്തയച്ചതിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ വിമാനവാഹനിക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ആര്‍.ഫോര്‍ഡ് പശ്ചിമേഷ്യ വിടുന്നു. യുഎസ്-യൂറോപ്യന്‍ കമാന്‍ഡ് ഏരിയയിലാണ് നിലവില്‍ കപ്പലുള്ളത്.
കപ്പലിന്റെ ലോണ്‍ട്രി റൂമില്‍ മാര്‍ച്ച് പന്ത്രണ്ടിനുണ്ടായ തീ പിടിത്തത്തില്‍ രണ്ട് നാവികര്‍ക്ക് പരുക്കേറ്റിരുന്നു. നൂറോളം ബെഡുകളും കത്തി നശിച്ചു. ദീര്‍ഘകാലം കടലില്‍ കിടക്കാന്‍ പാകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കപ്പലിലെ ശുചിമുറികള്‍ തകരാറിലായതും സൈനികര്‍ ശുചിമുറികള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നതും വാര്‍ത്തയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.
വിമാനവാഹിനിക്കപ്പലുകളില്‍ മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ദുരിത ജീവിതമാണെന്നും സൈനികര്‍ കുടുംബാംഗങ്ങള്‍ക്കയച്ച സന്ദേശങ്ങള്‍ പുറത്തുവന്നതും അമേരിക്കയ്ക്ക് നാണക്കേടായിരുന്നു. യുഎസ്എസ് എബ്രഹാം ലിങ്കണും യുഎസ്എസ് ജോര്‍ഡ് എച്ച്ഡബ്ല്യു ബുഷും ഇപ്പോഴും പശ്ചിമേഷ്യയിലുണ്ട്. സൈനികച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇവയ്ക്ക് എത്രകാലം മേഖലയില്‍ തുടരാന്‍ കഴിയുമെന്ന് വ്യക്തമല്ല.
യുദ്ധത്തില്‍ കനത്ത സാമ്പത്തിക നഷ്ടമാണ് അമേരിക്കയ്ക്ക് സംഭവിച്ചതെന്നും യുദ്ധം ആരംഭിച്ച ട്രംപ് അത് അവസാനിപ്പിക്കാന്‍ മാര്‍ഗമില്ലാതെ കുഴങ്ങുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അഞ്ച് ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സൈനികമായി മാത്രം അമേരിക്കയ്ക്ക് ഉണ്ടായതെന്നാണ് വിലയിരുത്തല്‍.
ട്രംപിനെതിരെയും വലിയ ജനവികാരമാണ് അമേരിക്കയില്‍ ഉയരുന്നത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ സാമ്പത്തിക സ്ഥിതി മോശമായെന്നും സഖ്യകക്ഷികളുമായുള്ള ബന്ധം തകര്‍ത്തുവെന്നും ഇസ്രയേലിനെ അമിതമായി പിന്തുണയ്ക്കുന്നുവെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ജനവികാരം എതിരായതോടെയും കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ 60 ദിവസത്തിന് മേല്‍ പ്രസിഡന്റിന് സൈനിക നടപടികള്‍ തുടരാന്‍ കഴിയില്ലെന്ന സാഹചര്യത്തിലാണ് പശ്ചിമേഷ്യയില്‍ നിന്ന് പിന്‍മാറാനുള്ള നടപടികള്‍ ട്രംപ് സര്‍ക്കാര്‍ വേഗത്തിലാക്കുന്നത്.
അമേരിക്ക മുന്‍കൈയെടുക്കുന്ന സമാധാന കരാറിന് ഇറാന്‍ വഴങ്ങാത്തതാണ് ട്രംപിന് മുന്നിലെ പുതിയ തലവേദന. യുദ്ധം ആരംഭിച്ചത് തങ്ങളല്ലെന്നും ഭാവിയില്‍ യുദ്ധമുണ്ടാകില്ലെന്ന് ഉറപ്പ് വേണമെന്നും സാമ്പത്തിക ഉപരോധങ്ങളെല്ലാം അമേരിക്ക നീക്കുകയും ചെയ്താല്‍ മാത്രം കരാറിനെ കുറിച്ച് ആലോചിക്കാമെന്നാണ് ഇറാന്റെ നിലപാട്.



