അധ്യാപികമാര്‍ കണ്ണികളായി ലഹരി മരുന്ന് ഇടപാടില്‍ ഞെട്ടിക്കുന്ന ഡിജിറ്റല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ മൂന്ന് അധ്യാപികമാരുടെയും അക്കൗണ്ടിലേക്ക് ആറ് മാസം കൊണ്ട് ഒഴുകിയെത്തിയത് രണ്ടു കോടിയോളം രൂപ.
|
ലഹരിക്കടത്തിന് പിന്നില്‍ ലഹരി ഉപഭോക്താക്കളായ നിരവധി പേര്‍ അടങ്ങുന്ന കൂറ്റന്‍ ശൃംഖല തന്നെയുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന ഞെട്ടിക്കുന്ന വിവരം. ഉപഭോക്താക്കളെ ലഹരി വില്‍പ്പനയുടെ കാരിയര്‍മാരാക്കി മാറ്റി ഒറിജിനല്‍ ഡീലര്‍ കാണാമറയ്ത്ത് തുടരുകയാണ്. ലഹരി ഉപയോഗ കേസില്‍ ആഴത്തിലുള്ള അന്വേഷണം നടന്നാല്‍ മാത്രമേ ലഹരി മാഫിയയുടെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയൂ എന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
ലഹരി വാങ്ങുന്നതിനായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ക്യൂആര്‍ കോഡ് വഴിയും യു.പി.ഐ വഴിയുമാണ് പണം കൈമാറിയിട്ടുള്ളത്. കണ്ണൂര്‍ ഡിഐജി കാര്‍ത്തികിന്റെ നേതൃത്വത്തിലാണ് അന്വേഷണം. റൂറല്‍ എസ് പി മെറിന്‍ ജോസഫാണ് അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
കേസില്‍ പിടിയിലായി നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പേരാമ്പ്ര ബി.ആര്‍.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീര്‍ത്തന, കാവ്യ, ട്രെയിനര്‍ നീഷ്മ, ഡെലിവറി ബോയ് ജിജിന്‍ കുര്യാക്കോസ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി വടകര പൊലീസ് കോടതിയില്‍ ഉടന്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ പണം ആര്‍ക്കാണ് കൈമാറിയത് എന്നറിയുകയാണ് പ്രധാന ലക്ഷ്യം.
അധ്യാപികമാര്‍ ഉറ്റ സുഹൃത്തുക്കള്‍
പ്രതികളായ അധ്യാപികമാര്‍ മൂവരും ഉറ്റ സുഹൃത്തുക്കളാണ്. പ്രതിയായ നീഷ്മയുടെ വീട്ടില്‍ പലതവണയായി മൂന്നുപേരെയും ഒരുമിച്ച് കണ്ടതായി നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. കുട്ടികളെ ലഹരി വിമുക്തിയിലേക്ക് നയിക്കേണ്ട ഇവര്‍ ലഹരി ശൃംഖലയിലെ പ്രധാന ഏജന്റുമാരായി എങ്ങനെ മാറിയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടക്കുന്നത്. ലഹരി ഉപയോഗത്തില്‍ തുടങ്ങി പിന്നീട് കാരിയര്‍മാരായി മാറുകയായിരുന്നുവെന്നാണ് കരുതുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇവരുടെ വ്യക്തിഗത അക്കൗണ്ടുകള്‍ വഴി മാത്രം നടന്നിട്ടുള്ളത്.
കേസിലെ മറ്റ് പ്രതിയായ ജിജിന്‍ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മാത്രം ആറുമാസത്തിനിടെ ഒരു കോടിയില്‍പരം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ലഹരി ഉപഭോക്താക്കളില്‍ നിന്ന് ജിജിന്റെ അക്കൗണ്ടിലേക്ക് എത്തിയ ഈ ഭീമമായ തുക പിന്നീട് ലഹരി കടത്തിന്റെ യഥാര്‍ത്ഥ തലച്ചോറായി പ്രവര്‍ത്തിക്കുന്ന പ്രധാന വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായാണ് സൂചന. പ്രധാന പ്രതിയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പൊലീസിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും അമ്പത് ലക്ഷത്തില്‍പരം രൂപയുടെ വിനിമയം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിമരുന്ന് സംഘങ്ങള്‍ക്ക് വേണ്ടി പണം വെളുപ്പിക്കാനും, ഏജന്റുമാര്‍ക്ക് പണം കൈമാറാനും അധ്യാപികമാര്‍ തങ്ങളുടെ അക്കൗണ്ടുകള്‍ വിട്ടുനല്‍കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പണത്തിന്റെ സ്രോതസ്സും അതിന് പകരമായി നല്‍കിയ എം.ഡി.എം.എയുടെ അളവും കണ്ടെത്താന്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ വിശദമായി പരിശോധിക്കുകയാണ്.
ചെറിയ തുകകളായി നടന്നിട്ടുള്ള നൂറുകണക്കിന് ഇടപാടുകള്‍ വ്യക്തമാക്കുന്നത് ഈ ശൃംഖല സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് വരെ പടര്‍ന്നുപന്തലിച്ചിട്ടുണ്ടെന്നാണ്. കോളേജ് വിദ്യാര്‍ത്ഥികള്‍, ചെറുപ്പക്കാര്‍, ഐ.ടി ജീവനക്കാര്‍ എന്നിവരാണ് ഇത്തരത്തില്‍ 1000, 2000 രൂപ നിരക്കില്‍ പണം അയച്ചിട്ടുള്ളതെന്നാണ് നിഗമനം. ഈ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചും വരുംദിവസങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കും.
പെണ്‍കുട്ടികളെയും അധ്യാപികമാരെയും മുന്നില്‍ നിര്‍ത്തി അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ലഹരി വ്യാപാരം നടത്താനാണ് ലഹരി മാഫിയ പദ്ധതിയിട്ടത്. പരിശോധനകളില്‍ സംശയം തോന്നാതിരിക്കാന്‍ ഇവര്‍ കൈക്കൊണ്ട രീതികള്‍ അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. വലിയ അന്തര്‍ സംസ്ഥാന ലോബി തന്നെ ഈ സംഘത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





