കേട്ടാല്‍ ഏതെങ്കിലും പുരാണ കഥയാണെന്ന് തോന്നാം! എന്നാല്‍, ഏകദേശം ഒരു സിറ്റി ബസ്സിന്റെ അത്രയും നീളമുള്ള, ഭൂമിയില്‍ ജീവിച്ചിരുന്നിട്ടുള്ളതില് വെച്ച് ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നിന്റെ ഫോസിലുകള്‍ ഇന്ത്യയില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. ‘വാസുകി ഇന്‍ഡിക്കസ്’ (Vasuki indicus) എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമന് പാമ്പിന്റെ കണ്ടെത്തല്‍ ശാസ്ത്രലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
|
പ്രകൃതിയുടെ അപൂര്‍വ്വ പ്രതിഭാസങ്ങളെക്കുറിച്ചും പുരാതന കാലത്തെ ജീവജാലങ്ങളുടെ ഘടനയെക്കുറിച്ചും കൂടുതല്‍ വ്യക്തമായ ചിത്രം നല്കാന് ഈ കണ്ടെത്തല്‍ സഹായിക്കുന്നു.
വാസുകി ഇന്‍ഡിക്കസ്: കണ്ടെത്തലിന് പിന്നില്‍
‘സയന്റിഫിക് റിപ്പോര്‍ട്ട്സ്’ (Scientific Reports) പുറത്തുവിട്ട വിവരമനുസരിച്ച്, ഗുജറാത്തിലെ കച്ചിലുള്ള പനന്ധ്രോ ലിഗ്നൈറ്റ് ഖനിയില്‍ നിന്നാണ് ഈ പാമ്പിന്റെ ഫോസിലൈസ് ചെയ്ത അസ്ഥികള്‍ കണ്ടെത്തിയത്. ഏകദേശം 4.7 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ജീവി ഭൂമിയില്‍ ജീവിച്ചിരുന്നത്. ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം 36 അടി മുതല്‍ 50 അടി (15 മീറ്റര്‍) വരെ നീളമുണ്ടായിരുന്ന ഈ പാമ്പ്, ലോകത്തെ എക്കാലത്തെയും വലിയ പ്രാചീന പാമ്പായ ‘ടൈറ്റാനോബോവ’യ്ക്ക് (Titanoboa) വെല്ലുവിളി ഉയര്‍ത്തുന്നതാണ്.
ദേബാജിത് ദത്ത, സുനില്‍ ബാജ്പേയ് എന്നീ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനങ്ങള്‍ നടന്നത്. ഖനിയില്‍ നിന്ന് ലഭിച്ച 27 കശേരുക്കളാണ് (Vertebrae) സംഘം പരിശോധിച്ചത്. ഇവയില്‍ ചില അസ്ഥികള്‍ പരസ്പരം കൂടിച്ചേര്‍ന്ന നിലയിലായിരുന്നതിനാല്‍ ജീവിയുടെ കൃത്യമായ വലിപ്പം കണക്കാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. ഹൈന്ദവ പുരാണങ്ങളിലെ പാമ്പുകളുടെ രാജാവായ ‘വാസുകി’യുടെ പേരും രാജ്യം സൂചിപ്പിക്കുന്ന ‘ഇന്‍ഡിക്കസ്’ എന്ന പദവും ചേര്‍ത്താണ് ഈ പുതിയ ഇനത്തിന് പേരുനല്‍കിയിരിക്കുന്നത്.
എത്രത്തോളം വലുതായിരുന്നു ഈ പാമ്പ്?
കണ്ടെത്തിയ ഓരോ കശേരുക്കള്‍ക്കും 4 ഇഞ്ചിലധികം വീതിയുണ്ടായിരുന്നു. ഇതുവെച്ച് കണക്കാക്കുമ്പോള്‍ ജീവിയുടെ മൊത്തം നീളം 49.9 അടിയോളം വരുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. അതായത്, പ്രാചീന ഭീമനായ ടൈറ്റാനോബോവയുടെ തൊട്ടടുത്തോ അല്ലെങ്കില്‍ അതിനേക്കാള്‍ വലുതോ ആയ അവസ്ഥ! പൂര്‍ണ്ണമായ അസ്ഥികൂടം ലഭിക്കാത്തതിനാല്‍ 100% കൃത്യത അവകാശപ്പെടാനാവില്ലെങ്കിലും നിലവിലെ വിവരങ്ങള്‍ നല്കുന്ന സൂചന ഇതാണ്.
ഇത്രയും കൂറ്റന്‍ ശരീരമുള്ളതുകൊണ്ടുതന്നെ ഇവയ്ക്ക് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ലായിരുന്നു. ഇന്നത്തെ അനക്കോണ്ടകളെപ്പോലെ ഇരയ്ക്കായി കാത്തിരുന്ന് ആക്രമിക്കുന്ന (Ambush Predator) രീതിയായിരിക്കാം ഇവ പിന്തുടര്ന്നിരുന്നത്.
കണക്കുകളിലെ വലിപ്പം:
ഇന്നത്തെ ഏറ്റവും വലിയ പാമ്പുകള്‍ (ഉദാഹരണത്തിന് റെറ്റിക്കുലേറ്റഡ് പൈത്തണ്‍): പരമാവധി 25 മുതല്‍ 30 അടി വരെ നീളം.
ടൈറ്റാനോബോവ (Titanoboa): ഏകദേശം 40 അടി നീളം.
വാസുകി ഇന്‍ഡിക്കസ് (Vasuki indicus): 36 മുതല്‍ 50 അടി വരെ നീളവും ഒരു ടണ്ണോളം ഭാരവും!
കുടുംബ മഹിമ
‘മാഡ്സോയിഡേ’ (Madtsoiidae) എന്ന പ്രാചീന പാമ്പ് കുടുംബത്തില്‍ പെട്ടതാണ് മാസുകി ഇന്‍ഡിക്കസ്. ഏകദേശം 10 കോടി വര്‍ഷങ്ങളോളം നിലനില്ക്കുകയും ആഫ്രിക്ക, യൂറോപ്പ്, ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ വ്യാപിക്കുകയും ചെയ്ത വംശമാണിത്. യൂസീന് (Eocene) കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഉടലെടുത്ത ഇത്തരം ഭീമന് പാമ്പുകള്‍ പിന്നീട് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായാണ് ശാസ്ത്രലോകം കരുതുന്നത്.
Tags: Vasuki Indicus, Ancient Snake Fossil, Titanoboa, Gujarat Kutch Fossil, Science News Malayalam, Prehistoric Snake India, Panandhro Lignite Mine
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



