02
May 2024
Sun
02 May 2024 Sun
Villagers allege Bijapur encounter was fake and those 12 killed were civilians

ഛത്തീസ്ഗഡിലെ ബിജാപുരില്‍ മാവോവാദികളെന്നാരോപിച്ച് സുരക്ഷാസേന വെടിവച്ചുകൊന്നത് സിവിലിയന്‍മാരെയാണെന്നും നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും വെളിപ്പെടുത്തി ഗ്രാമീണരും ആക്ടിവിസ്റ്റുകളും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു പുറത്ത് പ്രതിഷേധിക്കുന്ന ബന്ധുക്കള്‍ക്കൊപ്പം ഇവര്‍ അണിനിരക്കുകയും ചെയ്തു.(Villagers allege Bijapur encounter was fake and those 12 killed were civilians)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബീഡി തെറുക്കുന്ന ഇലകള്‍ ശേഖരിക്കാന്‍ വനത്തില്‍ പോയ ഗ്രാമീണരെ സുരക്ഷാസേന ഓടിക്കുകയും ഇവരെ പിന്നില്‍ നിന്ന് വെടിവച്ചുവീഴ്ത്തുകയുമായിരുന്നുവെന്നും പെഡിയ ഗ്രാമവാസിയായ ഗുരുനന്ദ ആരോപിച്ചു. കൊല്ലപ്പെട്ട ലാലു കുഞ്ചാം കര്‍ഷകനാണെന്ന് കോര്‍ചുളി ഗ്രാമവാസിയായ രാജു പറഞ്ഞു. ടെന്‍ഡു ഇല പറിക്കുന്ന സമയത്താണ് പെഡിയ ഗ്രാമവാസിയായ മോട്ടോ അല്‍വാമിനെ വെടിവച്ചുകൊന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ രാകേഷ് അല്‍ വാം പറഞ്ഞു. വനത്തില്‍ നിന്ന് ടെന്‍ഡു ഇലകള്‍ പറിച്ചുകൊണ്ടിരുന്ന ഗ്രാമീണര്‍ ആയുധങ്ങളുമായെത്തിയ പോലീസിനെയും സുരക്ഷാസേനയെയും കണ്ട് പരിഭ്രാന്തരാവുകയും ഓടിപ്പോവുകയുമായിരുന്നുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആക്ടിവിസ്റ്റുകളും മറ്റ് ഗ്രാമീണരും ആരോപിച്ചു.

അതേസമയം കൊല്ലപ്പെട്ടവരെല്ലാം മാവോവാദികളാണെന്നു പോലീസ് പ്രതികരിച്ചു. മാവോവാദികള്‍ തങ്ങളുടെ യൂനിഫോം അഴിച്ചുവച്ച് ഗ്രാമീണരുടെ വസ്ത്രങ്ങള്‍ ധരിക്കുകയായിരുന്നുവെന്നും പോലീസ് അവകാശപ്പെട്ടു. കൊല്ലപ്പെട്ട ബുധു ഒയാം, കല്ലു പൂനം എന്നിവരുടെ തലയ്ക്ക് പോലീസ് എട്ടുലക്ഷം രൂപ വിലയിട്ടിരുന്നുവെന്നും ലഖേ കുഞ്ചാം, ഭിമ കരം എന്നിവരുടെ തലകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും സന്നു ലകോം, അവ് ലം എന്നിവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും വിലയിട്ടിരുന്നതായി ബിജാപുര്‍ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു. കൊല്ലപ്പെട്ട ആറുപേര്‍ ചുമതലകളില്ലാത്ത മാവോവാദികളായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക