04
Aug 2023
Fri
04 Aug 2023 Fri

മാനന്തവാടി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ അമ്മയും മകളും. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പണി കഴിഞ്ഞ് തൊഴിലാളികളുമായി വീടുകളിലേക്ക് പോയ ജീപ്പാണ് കൊടുംവളവില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മരിച്ച ഒന്‍പതു പേരും സ്ത്രീകളാണ്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ പത്മനാഭന് ഭാര്യയെയും മകളെയും നഷ്ടമായി. പദ്മനാഭന്റെ ഭാര്യയാണ് അപകടത്തില്‍ മരിച്ച ശാന്ത. ചിത്രയാണ് മകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജീപ്പ് ഡ്രൈവര്‍ മണികണ്ഠന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഇയാള്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ വിവിധ സംഘങ്ങളായി ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹങ്ങള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മക്കിമല എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷമാണ് സംസ്‌കാരം.

അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരച്ചെലവുകള്‍ക്കായി അടിയന്തരമായി 10,000 രൂപ വീതം അനുവദിക്കാന്‍ വയനാട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച മന്ത്രി എ.െക.ശശീന്ദ്രന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അപകടത്തില്‍പ്പെട്ടവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തലപ്പുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ശനിയാഴ്ച വൈകിട്ട് അഞ്ചു മണിവരെ കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. മാനന്തവാടി താലൂക്കില്‍ നടത്താനിരുന്ന ഓണാഘോഷപരിപാടികളും മാറ്റിവച്ചു. ഒരേ കോളനിയിലുള്ളവരാണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍ മരിച്ചവര്‍: തലപ്പുഴ മക്കിമല ആറാം നമ്പര്‍ കോളനിയിലെ കൂളന്‍തൊടിയില്‍ സത്യന്റെ ഭാര്യ ലീല (42), കൂക്കോട്ടില്‍ ബാലന്റെ ഭാര്യ ശോഭന (54), കാപ്പില്‍ മമ്മുവിന്റെ ഭാര്യ റാബിയ (55), പത്മനാഭന്റെ ഭാര്യ ശാന്ത (50), പത്മനാഭന്റെ മകള്‍ ചിത്ര (28), വേലായുധന്റെ ഭാര്യ കാര്‍ത്യായനി (62), പഞ്ചമിയില്‍ പ്രമോദിന്റെ ഭാര്യ ഷജ (42), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി (57).

പരുക്കേറ്റവര്‍: ജീപ്പ് ഡ്രൈവര്‍ മണികണ്ഠന്‍ (44), തലപ്പുഴ മക്കിമല ആറാം നമ്പര്‍ കോളനിയിലെ ചിന്നയ്യന്റെ ഭാര്യ ഉമാദേവി (43), പുഷ്പരാജിന്റെ ഭാര്യ ജയന്തി (45), ബാലസുബ്രഹ്‌മണ്യന്റെ ഭാര്യ ലത (38), മണികണ്ഠന്റെ മകള്‍ മോഹന സുന്ദരി. ഗുരുതരമായി പരുക്കേറ്റ ലതയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവര്‍ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക