വ്യത്യസ്ഥമായ വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും അടുത്ത കാലത്തായി ന്യൂജന്‍സിന്റെ കൈയടി നേടുന്നുണ്ട് കേരള പൊലീസ്. രസകരമായ ഒട്ടേറെ വീഡിയോകളാണ് കേരള പൊലീസ് ഈ അടുത്തിടെയായി പുറത്തിറക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഇവയുടെ ലക്ഷ്യം. സുരക്ഷിതമായി വാഹനം ഓടിക്കുക, ലഹരിക്കെതിരേ, റോഡ് സുരക്ഷ, സ്ത്രീ സുരക്ഷ… അങ്ങനെ പല തരത്തിലുള്ള ബോധവത്കരണ വീഡിയോകളാണ് പൊലീസ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തിറക്കുന്നത്.
|
ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് കേരള പൊലീസിന്റേതായി വൈറലാകുന്നത്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടുന്നത് സംബന്ധിച്ചാണ് വീഡിയോ. അതിന്റെ മേക്കിങാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഒരു സൂപ്പര്‍ ഹീറോയായി പൊലീസ് വേഷത്തില്‍ എത്തുന്നയാള്‍ സീറ്റ് ബെല്‍റ്റ് ഇടാന്‍ പറയുന്നതാണ് വീഡിയോ.
നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്കുണ്ട്. പറന്നു വരുന്ന സൂപ്പര്‍ ഹീറോയ്ക്ക് ഹെല്‍മെറ്റ് ആകാമായിരുന്നു എന്നതുള്‍പ്പെടെയുള്ള തമാശ കലര്‍ന്ന കമന്റുകളും വീഡിയോയ്ക്കുണ്ട്. സൂപ്പര്‍മാനേയും സ്‌പൈഡര്‍മാനേയും മിന്നല്‍ മുരളിയേയുമൊക്കെ പോലെ ഒരു സൂപ്പര്‍ ഹീറോയാണ് പൊലീസെന്നും ജനങ്ങള്‍ പറയുന്നു.
‘സൂപ്പര്‍ ഹീറോസ് സ്റ്റില്‍ എക്‌സിസ്റ്റ്’ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കാപ്ഷന്‍. പുതുതലമുറയെ കൂടി ആകര്‍ഷിക്കുകയും മാറ്റങ്ങളുണ്ടാക്കുകയുമാണ് കേരളപൊലീസ് ഇത്തരം വീഡിയോകളിലൂടെ ലക്ഷ്യമുടുന്നത്.


