|
വെസ്റ്റ് ബാങ്ക്: ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി ഫലസ്തീനികളെ ലക്ഷ്യംവച്ച് ഇസ്റാഈല്‍ സൈന്യം ആക്രമണം നടത്തിവരുന്നതിനിടെയാണ് ഹമാസില്‍നിന്ന് ഇന്നലെ തിരിച്ചടി ഉണ്ടായത്. വ്യാഴാഴ്ച ഒരു ഫലസ്തീനിയും ചൊവ്വാഴ്ച മൂന്നുപേരും ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ അധിനിവേശ സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നു. കൂടാതെ മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ഥനയ്ക്കെത്തുന്ന ഫലസ്തീനികളെ തടയുന്നതും അവരെ ഉപദ്രവിക്കുന്നതും ഇസ്റാഈലിന്റെ പതിവായിരുന്നു. ശനിയാഴ്ചത്തെ ആക്രമണം ഉണ്ടാകുന്നത് വരെ ഈ വര്‍ഷം മാത്രം 247 ഫലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്റാഈല്‍ ഭാഗത്താകട്ടെ 32 പേരും കൊല്ലപ്പെട്ടു.
അറബ് മണ്ണില്‍ പലസ്തീന് വെട്ടിമുറിച്ച് ജൂതരാഷ്ട്രം സ്ഥാപിക്കപ്പെട്ടതിന്റെ 75ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ മെയ് 14. സ്വന്തം മണ്ണില്‍ നിന്ന് അന്ന് തുരത്തപ്പെട്ട പലസ്തീനികള്‍ സ്വന്തമായി രാജ്യമില്ലാതെ ലോകത്തിന്റെ പല കോണുകളില്‍ അഭയാര്ഥികളാക്കപ്പെട്ടിട്ടും മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടു. അതുണ്ടാക്കിയ പൊട്ടിത്തെറിയാണ് ഒരു ചാക്രിക പ്രക്രിയ പോലെ മധ്യപൗരസ്ത്യദേശത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ക്രൈസ്തവ ഭൂരിപക്ഷ യൂറോപ്യന്‍ രാജ്യങ്ങളില്‍ മൃഗങ്ങളെ പോലെ വേട്ടയാടപ്പെട്ട ജൂതര്‍ക്കായി പശ്ചിമേഷ്യയില്‍ ഒരു രാജ്യം സ്ഥാപിക്കുന്നതിനെ മഹാത്മാ ഗാന്ധിയെപ്പോലെ വിവേകമതികളായ ലോകതന്ത്രജ്ഞര് എന്നും എതിര്‍ത്തതാണ്. ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും ബ്രിട്ടന് ബ്രിട്ടീഷുകാര്‍ക്കും എന്നപോലെ പലസ്തീന് പലസ്തീന്‍കാര്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. എന്നാല്‍ നാസി ജര്‍മനിയിലും മറ്റും ഭീകര വംശഹത്യയ്ക്ക് ഇരയായ ജൂതജനതയോട് ലോകത്തിനുണ്ടായ സഹതാപം മുതലാക്കാനാണ് രണ്ടാം ലോകയുദ്ധത്തിലെ വിജയികളിലുള്പ്പെട്ട കൊളോണിയല്‍ ശക്തികള്‍ തീരുമാനിച്ചത്.
19ാം നൂറ്റാണ്ടിന്റെ അവസാനംമുതല്‍ തന്നെ യൂറോപ്പിലെ അതിക്രമങ്ങള്‍ മൂലം ജൂതര്‍ പലസ്തീനിലേക്കും അമേരിക്കയിലേക്കും മറ്റും കുടിയേറിക്കൊണ്ടിരുന്നു. എന്നിട്ടും പലസ്തീന് വിഭജനസമയത്ത് ജനസംഖ്യയില്‍ 30 ശതമാനത്തോളം മാത്രമായിരുന്നു ജൂതര്‍. പക്ഷേ യുഎന്‍ തയ്യാറാക്കിയ വിഭജനപദ്ധതി പ്രകാരം ഭൂമിയില്‍ 56 ശതമാനവും ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കാന്‍ നല്‍കിയതോടെ പ്രശ്നത്തിന് തുടക്കമായി. ഇതിനെതിരെ അറബ്രാജ്യങ്ങള്‍ യുദ്ധമാരംഭിച്ചെങ്കിലും, യു.എസിന്റെ പിന്തുണയോടെ ഇസ്രയേല്‍ യുദ്ധം ജയിച്ചു. കൂടുതല്‍ പലസ്തീന്പ്രദേശങ്ങള് പിടിച്ചെടുത്ത് 80 ശതമാനം ഭൂമിയും ഇസ്രയേല്‍ സ്വന്തമാക്കി. അന്നുണ്ടായ പലസ്തീന് ജനതയില്‍ പകുതിയോളം പേര്‍ക്ക് നാടുവിടേണ്ടിവന്നു.
ഇന്ത്യയടക്കം ജൂതര്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളില്‍നിന്ന് പോലും ജൂതര്‍ ഇസ്രയേലിലേക്ക് കുടിയേറിയതോടെ അവശേഷിക്കുന്ന പലസ്തീന് ഭൂമിയും ദിവസേനയെന്നൊണം ഇസ്രയേല്‍ കൈയേറിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ ഉയരുന്ന പ്രതിഷേധത്തെ ബുള്‍ഡോസര്‍ ഉപയോഗിച്ചുപോലും ചതച്ചരയ്ക്കുന്നതിനും ലോകം പലവട്ടം സാക്ഷിയായി.
കൂടാതെ ഓരോ ദിവസവും അധിനിവേശ ഭൂമി ഇസ്രയേല്‍ വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്തു. അതിനെ ഫലസ്തീനികള്‍ ചെറുക്കുമ്പോള്‍ ഇസ്രയേല്‍ നിഷ്ഠൂരമായാണ് നേരിടുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





