11
Sep 2026
Fri
11 Sep 2026 Fri
who is responsible for power crisis

ഡോ. ഇസ്മായിൽ വെങ്ങശ്ശേരി എഴുതുന്നു
വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടന കാലത്തും സത്യം അറിയാൻ ഏറെ പ്രയാസപ്പെടേണ്ടതുണ്ട് എന്നതാണ് വാസ്തവം. മാധ്യമങ്ങളെ അവയുടെ സാമൂഹിക ഉത്തരവാദിത്വം മുൻനിർത്തി ജനാധിപത്യത്തിന്റെ നാലാം തൂൺ (Fourth estate) എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇന്ന് പത്ര, വിഷ്വൽ മാധ്യമങ്ങൾ നമ്മളോട് സത്യം പറയുന്നുണ്ടോ? മാധ്യമങ്ങൾ അധികാരികളോട് മർമ്മപ്രധാനമായ ചോദ്യങ്ങൾ ചോദിക്കാൻ ഉത്തരവാദിത്വപ്പെട്ടവരാണ് എന്നാണ് നാം മനസ്സിലാക്കിയത്. എന്നാൽ അവർ അതിന് വിമുഖത കാണിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതിനാൽ തന്നെ നാം പൂർണ്ണമായും വസ്തുതകളുടെ സത്യം അറിയാതെ പോകുന്നു.
അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെങ്കിൽ പലപ്പോഴും സ്വയം കണ്ണടച്ച് ഇരുട്ടാക്കി, അവർ പറയുന്ന അർദ്ധ സത്യങ്ങളും അസത്യങ്ങളും ആരും അറിയുകയില്ല എന്ന് കരുതി നുണ മാത്രം പ്രചരിപ്പിക്കുമ്പോൾ , അത് വിശ്വസിക്കാൻ ജനം നിർബന്ധിതരാകുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് സംസ്ഥാനത്തെ ജനങ്ങൾ അനുഭവിക്കുന്നത് വലിയ വൈദ്യുതി പ്രതിസന്ധി തന്നെയാണ്. ഇത് ദൈനംദിന ജീവിതത്തിൽ നാം വീടുകളിൽ അനുഭവിക്കുന്ന ദുരിതം മാത്രമല്ല, കച്ചവട സ്ഥാപനങ്ങൾക്കും , ചെറുകിട വിയവസായങ്ങക്കും മറ്റും ഈ പ്രതിസന്ധി വരുത്തി വയ്ക്കുന്ന ഭീതിതമായ സാമ്പത്തിക നഷ്ടം വലിയ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.

ഇത് സംബന്ധിച്ച് നാം കേൾക്കുന്നത് നേരത്തെ 2014 ൽ ഉമ്മൻ ചാണ്ടി ഗവൺമെൻ്റ് കൊണ്ട് വന്ന 4.29 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കിയിരുന്ന ഒരു കരാർ പിണറായി ഗവൺമെൻ്റ് 2023 ൽ റദ്ദാക്കി എന്നാണ്. എന്നാൽ പച്ചയായ യാഥാർത്ഥ്യം സംസ്ഥാന ഗവൺമെൻ്റ് ഈ കരാർ റദ്ദാക്കിയിട്ടില്ല.സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് (SERC) കരാർ റദ്ദ് ചെയ്തത്.

എന്താണ് ഈ കമ്മീഷൻ, അതിൻ്റെ അധികാരം എന്തൊക്കെയാണ്, ഈ കമ്മീഷൻ നിലവിൽ വന്നത് എങ്ങനെയാണ് എന്നതെല്ലാം ഇവിടെ ഏറെ പ്രസക്തമാണ്. 2003-ലെ വൈദ്യുതി നിയമപ്രകാരം (Electricity Act, 2003)ഇന്ത്യാ ഗവൺമെൻ്റ് ഓരോ സംസ്ഥാനത്തും നടപ്പാക്കിയതാണ് ഈ നിയമം . അതനുസരിച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കേരളത്തിൽ നിലവിൽ വന്നത്. പ്രസ്തുത Electricity Act, 2003 അനുസരിച്ച് ഇത്തരം റെഗുലേറ്ററി കമ്മീഷനുകൾ അർദ്ധ-ന്യായപീഠങ്ങളാണ് (Quasi-judicial bodies). സർക്കാരിന്റെയോ മറ്റ് ബോർഡുകളുടെയോ നയപരമായ നിർദ്ദേശങ്ങൾക്ക് കമ്മീഷന്റെ സ്വതന്ത്രമായ തീരുമാനങ്ങളെ മറികടക്കാൻ കഴിയില്ല. ഇത് സുപ്രീം കോടതി വ്യക്തമാക്കിയതാണ്.

അങ്ങനെ 2023 മേയ് മാസത്തിൽ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (KSERC), കെ.എസ്.ഇ.ബി (KSEB) സ്വകാര്യ കമ്പനികളുമായി ഒപ്പുവെച്ചിരുന്ന 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ (PPA) കമ്മീഷൻ റദ്ദാക്കി. ഇതിന് കമ്മീഷൻ പറഞ്ഞ കാരണം, 2014-ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാറിൽ ചില Procedural and technical lapses ഉണ്ടായിരുന്നു എന്നാണ്.

എന്നാൽ സംസ്ഥാന ഗവൺമെൻ്റ് ഇത് അംഗീകരിച്ചില്ല.വൈദ്യുതി പ്രതിസന്ധി കടുത്തതോടെ പഴയ കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ റഗുലേറ്ററി കമ്മീഷനോട് പ്രത്യേക അധികാരം ഉപയോഗിച്ച് ആവശ്യപ്പെട്ടു. പക്ഷേ കമ്മീഷൻ തയ്യാറായില്ല. ശേഷം സംസ്ഥാന ഗവൺമെൻ്റ് ആദ്യം അപ്പലേറ്റ് ട്രൈബ്യൂണലും (APTEL), പിന്നീട് സുപ്രീം കോടതിയും കമ്മീഷന്റെ റദ്ദാക്കൽ തീരുമാനത്തിനെതിരെ പരാതിപ്പെട്ടു. എന്നാൽ ഈ രണ്ടു ഇടപെടലുകളും സംസ്ഥാന ഗവൺമെൻ്റ് പരാജയപ്പെടുകയും, പ്രസ്തുത കരാർ ശരിവെക്കുകയാണുണ്ടായത്. സർക്കാരിൻ്റെയും ജനങ്ങളുടെയും താല്പര്യങ്ങളേക്കാൾ നിയമപരമായ ചട്ടങ്ങൾക്കാണ് കോടതിക്ക് മുൻഗണ എന്നത് നിയമത്തിലെ വ്യവസ്ഥയും ! നിയമപോരാട്ടങ്ങളിൽ കമ്മീഷൻ വിജയിച്ച പ്രധാന കാരണം കമ്മീഷന്റെ ഭരണഘടനാപരവും നിയമപരവുമായ സ്വയംഭരണാധികാരം (Regulatory Independence) കോടതികൾ പൂർണ്ണമായി അംഗീകരിച്ചതാണ്.

ഇവിടെ മനസ്സിലാക്കേണ്ടത്, സംസ്ഥാന ഗവൺമെൻ്റ് അല്ല, കേന്ദ്ര നിയമമനുസരിച്ച് ഉണ്ടാക്കിയ കമ്മീഷൻ, ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഉണ്ടാക്കിയ കരാറിൻ്റെ നിയമ സാധുതയിലെ അപാകതകൾ ചൂണ്ടിക്കാട്ടി റദ്ദാക്കിയത് പുനസ്ഥാപിക്കാൻ സുപ്രീം കോടതിക്ക് പോലും കഴിഞ്ഞിരുന്നില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക