06
Sep 2023
Fri
06 Sep 2023 Fri

നാട്ടുകാരുടെ ഭാവി പ്രവചിക്കുന്ന യുവജ്യോത്സ്യനെ പറ്റിച്ചു; സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി 13 പവന്‍ സ്വര്‍ണം അടിച്ചുമാറ്റി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നാട്ടുകാരുടെ ഭാവി പ്രവചിക്കുന്ന യുവജ്യോത്സ്യന്, പക്ഷേ സ്വന്തം ഭാവി മുന്‍കൂട്ടി കാണാനായില്ല. ഫേസ്ബുക്കില്‍വന്ന റിക്വസ്റ്റ് വലിയൊരു വഞ്ചനയുടെ ഭാഗമാണെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയാതെ വന്നതോടെ കൊച്ചിയില്‍ യുവജ്യോത്സ്യന് നഷ്ടമായത് 13 പവന്‍ സ്വര്‍ണം.

സംഭവം ഇങ്ങനെ:
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന് യുവതിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ കൊച്ചിയിലെത്തി. സുഹൃത്തിനെ കാണാമെന്നു പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിലെത്തിച്ചു. അവിടെ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഹോട്ടലില്‍ മുറിയെടുത്തു. ഇവിടെ വെച്ച് യുവതി ജ്യോത്സ്യന് പായസം നല്‍കിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തില്‍ ലഹരിമരുന്ന് നല്‍കി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു.
അഞ്ച് പവന്റെ മാല, മൂന്നു പവന്റെ ചെയിന്‍, മൂന്നു പവന്റെ മോതിരം എന്നിവയടക്കം 13 പവന്‍ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.

ഹോട്ടലില്‍നിന്ന് പുറത്തേക്കിറങ്ങിയ യുവതി ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകീട്ട് അന്വേഷിച്ചേക്കണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. വൈകീട്ട് ഇവര്‍ മുറിയിലെത്തിയപ്പോഴാണ് ജ്യോത്സ്യനെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ ബന്ധുക്കളുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

കേസില്‍ പ്രതികളെ തിരയുന്നതായി എളമക്കര പോലീസ് അറിയിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുണ്‍ (34) എന്നാണ് പ്രതികള്‍ ജ്യോത്സ്യനോടു പറഞ്ഞിരുന്ന പേരുകള്‍. ഇവരുടെ വിലാസം വ്യാജമാണെന്നും സൂചനയുണ്ട്. ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ 24നായിരുന്നു സംഭവം.

ഹോട്ടലിലെ സി.സി ടിവി ദൃശ്യം ശേഖരിച്ചെങ്കിലും യുവതി മാസ്‌ക് വച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ല. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയ നിലയിലാണ്. വീണ്ടെടുത്ത് പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക