മാതാപിതാക്കളെയും ബന്ധുക്കളെയും സന്തോഷിപ്പിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍പിഎഫ്) എസ്‌ഐ വേഷമിട്ട് വിലസിയ യുവതി പിടിയില്‍. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലാണ് സംഭവം. 25കാരിയായ ജദല മാളവികയാണ് അറസ്റ്റിലായത്.(woman arrested after pretending to be RPF Sub-Inspector for please her parents)
|
എസ്‌ഐ വേഷത്തില്‍ വിവിധ പൊതുപരിപാടികളില്‍ സംബന്ധിക്കുകയും നിരവധി ട്രെയിനുകളില്‍ സഞ്ചരിക്കുകയും ചെയ്തിരുന്ന ജദല മാളവിക സിനിമാ താരവുമായും റെയില്‍വേ പൊലീസിലെ എഡിജിപിയുമായി വരെ അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. എസ്‌ഐയുടെ വേഷഭൂഷാധികളും വ്യാജ ഐഡി കാര്‍ഡുമൊക്കെ യുവതിയുടെ പക്കലുണ്ടായിരുന്നു. ട്രെയിന്‍ യാത്രയില്‍ ഐഡി കാര്‍ഡ് അടക്കം യാത്രികരെ കാണിച്ചായിരുന്നു യുവതി വിലസിയിരുന്നത്.
മറ്റൊരു ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് യുവതിയില്‍ സംശയം തോന്നുകയും മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തതോടെയാണ് മാളവികയുടെ തട്ടിപ്പ് പുറത്തായതും അറസ്റ്റിലേക്ക് നയിച്ചതും.
സബ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയെ പിടികൂടുകയായിരുന്നു.
ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടറായി ജോലി കിട്ടിയെന്ന് യുവതി നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ പറഞ്ഞുവിശ്വസിപ്പിച്ച ശേഷമായിരുന്നു ഇത്തരമൊരു തട്ടിപ്പ് നടത്തിവന്നിരുന്നത്.യുവതിയുടെ പക്കല്‍ നിന്ന് ആര്‍പിഎഫ് എസ്‌ഐയുടെ യൂനിഫോം, ആര്‍പിഎഫ് ലോഗോ, നക്ഷത്രങ്ങള്‍, തോള്‍ ബാഡ്ജുകള്‍, നെയിംപ്ലേറ്റ്, ബ്രൗണ്‍ ഷൂകള്‍, ആര്‍പിഎഫ് ബെല്‍റ്റ്, വ്യാജ ആര്‍പിഎഫ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പൊലീസ് പിടിച്ചെടുത്തു. മാതാപിതാക്കളെയും ബന്ധുക്കളെയും സന്തോഷിപ്പിക്കാനാണ് ആര്‍പിഎഫ് എസ്‌ഐ വേഷം കെട്ടിയതെന്ന് ചോദ്യംചെയ്യലില്‍ യുവതി വെളിപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





