വിവാഹ തട്ടിപ്പുകാരിയായ യുവതിയെ പോലീസ് പിടികൂടി. ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് യുവതി പിടിയിലായത്. ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ നിന്നാണ് പൂനം എന്ന തട്ടിപ്പുകാരിയെ പിടികൂടിയത്. തട്ടിപ്പിന് പിന്നില്‍ സഞ്ജന ഗുപ്ത എന്ന സ്ത്രീയടക്കം മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. പൂനത്തിന്റെ അമ്മയെന്നാണ് സഞ്ജന ഗുപ്ത ഇരകളോടു പറഞ്ഞിരുന്നത്.
|
പറ്റിയ ഇരകളെ തട്ടിപ്പ് സംഘത്തില്‍ പെട്ട വിമലേഷ് വര്‍മ, ധര്‍മേന്ദ്ര പ്രജാപതി എന്നിവര്‍ കണ്ടെത്തുകയും ഇവര്‍ ഇവരെ പൂനത്തിന് പരിചയപ്പെടുത്തുകയുമാണ് ചെയ്യുക. തുടര്‍ന്ന് വിവാഹം നിശ്ചയിക്കുകയും ലളിതമായി ചടങ്ങ് നടത്തുകയും ചെയ്യും. വരന്റെ വീട്ടിലെത്തിക്കഴിഞ്ഞ് പൂനം ഇവിടെ നിന്ന് സ്വര്‍ണവും പണവും അപഹരിച്ച് കടന്നുകളയുകയുമാണ് ചെയ്തുവന്നിരുന്നത്.
ഏഴാം തവണത്തെ ഇരയെ കണ്ടുവച്ച സംഘം ഇയാളെ വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ പ്രതിശ്രുത വരന് ദുരൂഹത മണത്തതാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പൂനത്തെ വിവാഹം കഴിക്കാന്‍ ഒന്നരലക്ഷം രൂപ സംഘം ശങ്കര്‍ ഉപാധ്യായ എന്ന യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. വിവാഹത്തിനായി സംഘം യുവാവിനെ വിളിച്ചുവരുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം സംശയം തോന്നിയ ശങ്കര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി.
എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയാല് കൊല്ലുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും പ്രതികള്‍ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവിടെ നിന്ന് മടങ്ങിപ്പോയ യുവാവ് പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ആറു പേരെ കബളിപ്പിച്ചുവെന്ന വിവരം ലഭിച്ചത്. നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവര്‍ പരാതി നല്‍കാത്തതാണെന്നും വ്യക്തമായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





