തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയതിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന. മകളുടെ വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന സന്ദേശം മരിക്കും മുമ്പ് ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു.
|
കമലേശ്വരം സ്വദേശികളായ എസ് എല്‍ സജിത(54), മകള്‍ ഗ്രീമ എസ് രാജ് (30)എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് സമീപത്തുനിന്നും സയനൈഡ് കഴിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് സജിതയും മകളും ബന്ധുക്കള്‍ക്ക് സന്ദേശം അയയ്ക്കുന്നത്. മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കുന്നുവെന്നും മരുമകന്‍ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു ഇവരുടെ അവസാന സന്ദേശത്തിലുള്ളത്. പ്രവാസിയായ മരുമകനുമൊന്നിച്ച് ഒരു മാസത്തില്‍ താഴെ മാത്രമാണ് മകള്‍ കഴിഞ്ഞത്.
ALSO READ: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വ്യാസപീഠം ഹോസ്റ്റലില്‍ 16 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍
തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മകളുടെ ഭര്‍ത്താവാണെന്നും കേവലം 25 ദിവസം കൂടെ താമസിച്ച് അവളെ അവന്‍ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നും സജിത ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തിലും പറയുന്നുണ്ട്.
സയനൈഡ് കഴിച്ച് തങ്ങള്‍ ജീവനൊടുക്കുന്നുവെന്ന സന്ദേശം കുടുംബഗ്രൂപ്പില്‍ ഇവര്‍ പങ്കുവെച്ചതിന് പിന്നാലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിനകത്തെ സോഫയില്‍ കൈകള്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകളുടെ മുകളില്‍ കിടക്കുന്ന രീതിയിലായിരുന്നു സജിത. സജിതയുടെ ഭര്‍ത്താവ് ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡനില്‍ താമസിക്കുന്ന റിട്ട അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവ് അടുത്തിടെയാണ് മരിച്ചത്.
ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവര്‍ഷമായി. ഭര്‍ത്താവ് അയര്‍ലാന്‍ഡില്‍ ജോലി ചെയ്യുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 200 പവനും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നല്‍കിയായിരുന്നു വിവാഹം.
എന്നാല്‍ ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നതായി യുവതി വിശദമാക്കിയതായാണ് ബന്ധുക്കള്‍ പറയുന്നത്. അടുത്തിടെ ഒരു മരണാന്തര ചടങ്ങില്‍ വച്ച് കണ്ടപ്പോള്‍ വിവാഹ മോചനം നേടുന്ന കാര്യം ഭര്‍ത്താവ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിശദമാക്കി അമ്മയും മകളും ജീവനൊടുക്കിയത്.
അമ്പലത്തറ പഴഞ്ചിറയ്ക്ക് സമീപം താമസിക്കുന്ന ബി എം ഉണ്ണികൃഷ്ണനാണ് ഗ്രീമയുടെ ഭര്‍ത്താവ്. ഇയാള്‍ അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനാണ്.





