ദുരന്തനിവാരണ സേന സംഘടിപ്പിച്ച മോക്ഡ്രില്ലിന്റെ ഭാഗമായി അധികൃതർ മണിമലയാറ്റിൽ ചാടിച്ച യുവാവ് മരിച്ചു. പടുതോട് സ്വദേശി ബിനു സോമനാണ് മരിച്ചത്. ആറിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ ബിനു മുങ്ങിപ്പോവുകയായിരുന്നു.
|
പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ബിനു അപകടത്തിൽപ്പെടുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മോക്ഡ്രില്ലിനിടെയായിരുന്നു അപകടം.
പ്രദേശവാസികളായ നാല് യുവാക്കളാണ് അധികൃതരുടെ നിർദേശപ്രകാരം മണിമലയാറ്റിൽ ചാടിയത്. എന്നാൽ മറുവശത്തേക്ക് നീന്തുന്നതിനിടെ ബിനു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഡിങ്കി ബോട്ടുകളിൽ എൻജിൻ ഘടിപ്പിച്ച് ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും വൈകി. മുക്കാൽ മണിക്കൂറിനു ശേഷമാണ് ബിനുവിനെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കാനായത്. അതീവഗുരുതരാവസ്ഥയിലായിരുന്നു ബിനു ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.



