04
Aug 2023
Tue
04 Aug 2023 Tue

മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊന്നു കുഴിച്ചുമൂടിയതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു കൊലപാതകം മറച്ചുവയ്ക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്ത്. തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയും പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യയുമായ സുജിത(35)യെയാണ് വിഷ്ണുവും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്ത് 11 മുതലാണ് സുജിതയെ കാണാതായത്. ഇതുസംബന്ധിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാന്‍ മിസ്സിങ് കേസില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച കരുവാരക്കുണ്ട് പൊലീസ് യുവതിയുടെ ഫോട്ടോയടക്കം പങ്കുവച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതേ പോസ്റ്റാണ് വിഷ്ണു തന്റെ വിഷ്ണു എം ടിവിആര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തത്. എല്ലാവരും മാക്‌സിമം ഷെയര്‍ ചെയ്യുക എന്ന തലക്കെട്ടോടെ കൈകൂപ്പിയ ഇമോജിയും ചേര്‍ത്തായിരുന്നു ഇയാള്‍ യുവതിയുടെ ഫോട്ടോ ഷെയര്‍ ചെയ്തത്. ആഗസ്ത് 14നും 17നും വെവ്വേറെ പോസ്റ്റുകളാണ് വിഷ്ണു ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

സംശയത്തെ തുടര്‍ന്നാണ് പൊലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയില്‍ തിങ്കള്‍ രാത്രി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.

സുജിതയെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ്് വിഷ്ണുവിന്റെ മൊഴി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയില്‍ പറയുന്നു. കേസില്‍ വിഷ്ണുവടക്കം അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഷ്ണുവിന്റെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് പിടിയിലായത്.

യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചെടുത്തുവെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. മുറിച്ചെടുത്ത ആഭരണങ്ങള്‍ വില്‍ക്കാനും ശ്രമിച്ചിരുന്നു.

ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞാണ് സുജിത കൃഷി ഭവനില്‍ നിന്നു പോയത്. എന്നാല്‍ ഇവര്‍ വിഷ്ണുവിന്റെ വീട്ടില്‍ എങ്ങനെ എത്തി എന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ പാളത്തിന് അടുത്താണ് വിഷ്ണുവിന്റെ വീട്. പഞ്ചായത്ത് പരിസരത്തുവച്ച് സുജിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. ഇതില്‍ സംശയം തോന്നിയാണ് വിഷ്ണുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക