27
May 2024
Tue
27 May 2024 Tue
Raghva thrivedi

ലഖ്നൗ: അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം. റാലിക്ക് സ്ത്രീകള്‍ പണം വാങ്ങി എത്തിയതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ റെക്കോഡ് ചെയ്തതിനാണ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘മൊളിറ്റിക്സ്’ റിപ്പോര്‍ട്ടര്‍ രാഘവ് ത്രിവേദിയെ മര്‍ദ്ദിച്ച് ബോധം കെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ റായ്ബറേലിയില്‍ നടന്ന അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. റാലിക്കെത്തിയ ചില സ്ത്രീകള്‍ പെട്ടെന്ന് മടങ്ങുന്നത് കണ്ട് അവരുമായി സംസാരിക്കുകയായിരുന്നു രാഘവ്. റാലിയില്‍ പങ്കെടുക്കാന്‍ 100 രൂപ തന്ന് പഞ്ചായത്ത് പ്രസിഡന്റാണ് തങ്ങളെ പറഞ്ഞു വിട്ടതെന്ന് ഈ സ്ത്രീകള്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തിയിരുന്നു.

ഇതേ കുറിച്ച് ബി.ജെ.പി പ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോഴാണ് അവര്‍ കാമറയിലുള്ള വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പട്ട് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് രാഘവ് ത്രിവേദി പറഞ്ഞു. പൊലീസും മറ്റു മാധ്യമപ്രവര്‍ത്തകരുമെല്ലാം പരിസരത്തുണ്ടായിരുന്നു. സഹായം ചോദിച്ചിട്ടും ആരും വന്നില്ല. താടിവച്ച്, കുര്‍ത്തയും പൈജാമയും ഉടുത്തിരുന്നതുകൊണ്ട് ഞാന്‍ മുസ്ലിമാണെന്നാണ് അവര്‍ കരുതിയിരുന്നതെന്നും രാഘവ് വെളിപ്പെടുത്തി.

റാലി നടന്ന വേദിക്കടുത്തുള്ള വെയ്റ്റിങ് റൂമിലേക്കു കൊണ്ടുപോയും മര്‍ദനം തുടര്‍ന്നു. മുല്ലാ(മുസ്ലിം), ഭീകരവാദി എന്നെല്ലാം വിളിച്ചായിരുന്നു ആക്രമണം. റാലിയില്‍ പങ്കെടുക്കാന്‍ പണം ലഭിച്ചെന്ന സ്ത്രീകളുടെ വെളിപ്പെടുത്തല്‍ പകര്‍ത്തിയ വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മര്‍ദനം തുടര്‍ന്നു. സ്ഥലത്തുനിന്നു രക്ഷപ്പെട്ട കാമറാമാന്റെ കൈവശമാണ് വിഡിയോ ഉള്ളതെന്നു പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ വെറുതെവിട്ടില്ല. പരിസരത്ത് 50ഓളം പൊലീസുകാരുണ്ടായിരുന്നു. അവരാരും രക്ഷയ്ക്കെത്തിയില്ല.

ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് അക്രമികള്‍ വെറുതെവിട്ടത്. റൂമില്‍നിന്നു പുറത്തിറങ്ങിയ രാഘവ് ബോധരഹിതനായി വീണു. തുടര്‍ന്ന് ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

റാലി റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍നിന്ന് എത്തിയതായിരുന്നു രാഘവ് ത്രിവേദി. സംഭവത്തില്‍ രാഘവിനൊപ്പമുണ്ടായിരുന്ന കാമറാമാന്‍ സഞ്ജീത് സാഹ്നി നല്‍കിയ പരാതിയില്‍ തിരിച്ചറിയാനാകാത്ത ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 147(കലാപമുണ്ടാക്കല്‍), 323(ദേഹോപദ്രവം വരുത്തല്‍), 504(ബോധപൂര്‍വം സമാധാനം തകര്‍ക്കാനുള്ള നടപടികള്‍) തുടങ്ങിയ വകുപ്പുകളാണ് അക്രമികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി റായ്ബറേലി സര്‍ക്കിള്‍ ഓഫിസര്‍ അമിത് സിങ് പറഞ്ഞു.

ആക്രമണത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പരാജയഭീതിയാണു സംഭവം കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തങ്ങള്‍ക്കെതിരെ ഉയരുന്ന ഒരു ശബ്ദവും ബി.ജെ.പി വച്ചുപൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ബി.ജെ.പി പരാജയം മണക്കുന്നതിന്റെ അടയാളമാണ് മാധ്യമപ്രവര്‍ത്തകനു നേരെ നടന്ന ആക്രമണമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. യു.പിയിലെ ക്രമസമാധാനനിലയുടെ യാഥാര്‍ഥ്യമാണിത്. അക്രമം നടത്തി തെരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല്‍ രാഘവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുല്ല എന്നു വിളിച്ചാണ് രാഘവിനെ ബി.ജെ.പി ഗുണ്ടകള്‍ ക്രൂരമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയും പ്രതിഷേധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക