കേരളത്തില്‍ 1000പ്പരം അപ്രന്റിസ് ഒഴിവുകള്‍; ഫ്രഷേഴ്‌സിന് സുവര്‍ണാവസരം
|
കൊച്ചി: കേരളത്തിലെ വിവിധ സര്‍ക്കാര്‍ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളില്‍ ആയിരത്തില്‍പ്പരം അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും ചേര്‍ന്നാണ് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നത്.
ബി.ടെക്, ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ പാസായി അഞ്ച് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം. ബി.ടെകിന് കുറഞ്ഞത് 9000 രൂപ, ഡിപ്ലോമയ്ക്ക് കുറഞ്ഞത് 8000 രൂപ എന്നിങ്ങനെ സ്‌റ്റൈപ്പന്റ് ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്.
താല്പര്യമുള്ളവര്‍ എസ്.ഡി. സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇമെയില്‍ മുഖേന ലഭിച്ച രജിസ്‌ട്രേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസലും, പകര്‍പ്പുകളും വിശദമായ ബയോഡാറ്റയുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ഏഴിനു രാവിലെ ഒമ്പതിന് ഇന്റര്‍വ്യൂവിന് ഹാജരാകുകയാണ് വേണ്ടത്. അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാര്‍ക്ക് ലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ കരുതണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ ഒക്ടോബര്‍ നാലിനു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷാ ഫോം എസ്.ഡി. സെന്റര്‍ വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും.
അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങള്‍ക്കും www.sdcetnre.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2556530 എന്ന നമ്പറിലും ബന്ധപ്പെടാം.


