തിരൂർ: 12ാമത് കോട്ട് ഫെസ്റ്റ് ഫെബ്രുവരി 6ന്. വാഗൺ ട്രാജഡിയുടെ സ്മരണകളുണർത്തുന്ന കോട്ട് ദേശത്തിന്റെ സാംസ്കാരിക സാമൂഹ്യ മൂല്യങ്ങളുയർത്തിപ്പിടിച്ചും മത സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും കൂട്ടായ്മയായ തിരൂർ ടീം കോട്ട് ഫെസ്റ്റ് അണിയിച്ചൊരുക്കുന്ന സാംസ്കാരിക ഘോഷയാത്ര 3 മണിക്ക് പയ്യനങ്ങാടിയിൽ നിന്നും ആരംഭിക്കും. 300 ഓളം കലാകാരന്മാരും 30 ഓളം കലാ രൂപങ്ങളും ഗജവീരന്മാരും ഘോഷയാത്രയിൽ അണിനിരക്കും.
|
മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ വേർതിരിവില്ലാതെ കഴിഞ്ഞ 12 വർഷമായി ഒരു നാട് മുഴുവൻ ആഘോഷിച്ചുക്കൊണ്ടിരിക്കുന്ന വർണ ശബളമായൊരു സാംസ്കാരിക പരിപാടിയാണ് കോട്ട് ഫെസ്റ്റ് . കോട്ട് ഫെസ്റ്റിന്റെ പൊലിമ കൂട്ടുന്നത് നാട്ടിലുള്ള പത്തോളം ക്ലബ്ബുകളും സാംസ്കാരിക സംഘടനകളുമാണ്.
പയ്യനങ്ങാടിയിൽ നിന്നും തുടങ്ങി തിരൂർ നഗരം ചുറ്റി കല്ലിങ്ങൽ റോഡ് വഴി കോട്ട് ഫെസ്റ്റ് ഗ്രൗണ്ടിൽ സമാപിക്കുന്ന രീതിയിലാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമം തിരൂർ സർക്കിൾ ഇൻസ്പെക്ടർ ജിജോ എം.ജെ നിർവഹിക്കും. രാത്രി പത്ത് മണിയോടെ പയ്യനങ്ങാടി തങ്ങൾസ് റോഡ് കോട്ട് ഫെസ്റ്റ് ഗ്രൗണ്ടിൽ ആകാശ വിസ്മയം തീർക്കുന്ന കരി മരുന്നും, മെഗാ നറുക്കെടുപ്പോടും കൂടി ഫെസ്റ്റ് സമാപിക്കും.
മെഗാ നറുക്കെടുപ്പിൽ വിജയികൾക്ക് ഒന്നാം സമ്മാനമായി ടിവിഎസ് കമ്പനിയുടെ 160 സിസി അപ്പാച്ചേ ബൈക്കും, രണ്ടാം സമ്മാനമായി എൽജി കമ്പനിയുടെ ഫ്രിഡ്ജും, മൂന്നാം സമ്മാനമായി 32 ഇഞ്ച് എൽഇഡി ടിവിയും നാലാം സമ്മാനമായി സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനും അഞ്ചാം സമ്മാനമായി തിരൂർ നാഷണൽ സൈക്കിൾ മാർട്ട് നൽകുന്ന സൈക്കിളും ആറാം സമ്മാനമായി മലബാർ ഗോൾഡ് നൽകുന്ന 10 ഗോൾഡ് കോയിനുകളും തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ വിജയികൾക്കു കൈമാറും. മച്ചിഞ്ചേരി കബീർ, അഷ്‌റഫ് താഴെത്തേതിൽ, എം.എസ് ജമാൽ ബാവ, ഹസ്സൻ തെണ്ടത്ത്, ഷബീറലി ചാലുപറമ്പിൽ, ഹുസൈൻ എം.പി, കുഞ്ഞുമൊയ്‌തീൻ പി.കെ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



