100 കോടിയിലേറെ ആസ്തിയുണ്ടായിട്ടും ഇപ്പോഴും വാടക വീട്ടിലാണ് നടി വിദ്യാ ബാലന്‍ താമസിക്കുന്നത്. എന്തുകൊണ്ടെന്ന ആരാധകരുടെ അന്വേഷണത്തിന് കാരണം വ്യക്തമാക്കുകയാണ് നടി.
|
ഇതുവരെയായിട്ടും താന്‍ ആഗ്രഹിക്കുന്നത് പോലെയൊരു വീട് കണ്ടെത്താനായിട്ടില്ലെന്നാണ് വിദ്യാ ബാലന്‍ പറയുന്നത്. ഇതിനോടകം 25 ല്‍ അധികം വീടെങ്കിലും സന്ദര്‍ശിച്ചു. എന്നാല്‍, ഒന്നും മനസ്സിനിണങ്ങിയില്ലെന്നാണ് നടി പറയുന്നത്.
”നമുക്ക് മനസിന് അനുയോജ്യമായ വീട് കണ്ടെത്തുന്നത് വിധിയാണ്. ഒരു വീട്ടില്‍ കയറുമ്പോള്‍, നമ്മുടെതാണെങ്കില്‍ നമുക്ക് അത് മനസിലാകും. നിലവില്‍ ഞാനും ഭര്‍ത്താവ് സിദ്ധാര്‍ഥ് റോയ് കപൂറും മുംബൈയില്‍ വാടക്കാണ് താമസിക്കുന്നത്. ഞങ്ങള്‍ ഏകദേശം 25 വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷെ ഞങ്ങളുടെ മനസിന് ഇണങ്ങിയ വീട് കണ്ടെത്താനായില്ല”- വിദ്യ തുടര്‍ന്നു.
”തിരച്ചിലിനൊടുവില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മനസിന് ഇഷ്ടപ്പെട്ട വീട് കണ്ടെത്തി. പക്ഷെ അത് വില്‍ക്കില്ലെന്നും വാടകയ്ക്ക് നല്‍കാമെന്നുമാണ് ഉടമസ്ഥന്‍ പറയുന്നത്. തുടക്കത്തില്‍ വാടക വീട്ടില്‍ താമസിക്കാന്‍ എനിക്ക് യാതൊരു താല്‍പര്യമില്ലായിരുന്നു. ശേഷം ഞങ്ങള്‍ വീണ്ടും വീട് അന്വേഷണം തുടര്‍ന്നു. പക്ഷെ കാര്യമുണ്ടായില്ല. അങ്ങനെയൊരു വീട് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് ആയില്ല. വീണ്ടും ഞങ്ങള്‍ ആ പഴയ വീട്ടിലെത്തി. അവസാനം ആ വീട് വാടകക്ക് എടുക്കാന്‍ തീരുമാനിച്ചു. ഇത്രയും ജനസാന്ദ്രതയുള്ള നഗരത്തില്‍ പൂന്തോട്ടവും കടല്‍ കാഴ്ചയും ആസ്വദിക്കാന്‍ കഴിയുന്ന ഒരു വീട് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.
15 വര്‍ഷം മുമ്പ് ഞാനും അമ്മയും ഒരു വീട് വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഒരുപാട് അന്വേഷണത്തിന് ശേഷമാണ് ഞങ്ങള്‍ മനസില്‍ കണ്ടത് പോലെയൊരു വീട് വാങ്ങിയത്. പക്ഷെ ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണത്തിനെക്കാള്‍ കൂടുതലായിരുന്നു വീടിന്റെ വില. ഇം.എം.ഐയിലാണ് വീട് വാങ്ങിയത്. അന്ന് വീട് വാങ്ങാന്‍ എന്നെ പ്രേരിപ്പച്ചത് അമ്മയായിരുന്നു”- വിദ്യാ ബാലന്‍ പറഞ്ഞു.


