21
Dec 2024
Thu
21 Dec 2024 Thu
13,643 people have contracted mumps this year in Malappuram

മലപ്പുറം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്‌സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവര്‍ഷം 2324 കേസുകളാണെങ്കില്‍ ഈ വര്‍ഷം 69,113 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഒരു വര്‍ഷത്തിനിടെ 30 മടങ്ങാണ് വര്‍ധന. മലപ്പുറത്താണ് കൂടുതല്‍ കേസുകളും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്ത് വയസിന് താഴെയുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016ല്‍ വാക്‌സിന്‍ നിര്‍ത്തലാക്കിയതാണ് ഇത്ര വലിയ വര്‍ധനക്ക് കാരണം. അതുവരെ കുട്ടികള്‍ക്ക് ഒന്നര വയസ്സിനകം മംപ്‌സ് മീസില്‍സ് റുബെല്ല വാക്‌സിന്‍(എം.എം.ആര്‍) നല്‍കിയിരുന്നു. 2016ല്‍ ഇത് മീസില്‍സ് റുബെല്ല വാക്‌സിന്‍ (എം.ആര്‍) മാത്രമാക്കി ചുരുക്കുകയായിരുന്നു. മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്‌സിന് പ്രതിരോധശേഷി കുറവാണെന്നും പറഞ്ഞായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.

രോഗലക്ഷണം

ഉമിനീര്‍ സ്പര്‍ശനം വഴി ശരീരത്തില്‍ കടക്കുന്ന വൈറസ് 2 മുതല്‍ 18 ദിവസത്തിനുള്ളി രോഗലക്ഷണങ്ങള്‍ പുറപ്പെടുവിക്കുന്നതാണ് പതിവ്. പനി, ചുമ, തലവേദന, ജലദോഷം, ചെവി വേദന തുടങ്ങിയ അസ്വസ്ഥതകളും നേരിട്ടേക്കാം. വീക്കം വരുന്നതിന് അഞ്ച് ദിവസം മുന്‍പ് തന്നെ രോഗം പടരാനുള്ള സാധ്യതയും ഉണ്ട്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  • വൈറസ് മൂലം വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്.
  • അസുഖ ബാധിതര്‍ പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക.
  • രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  • രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക.
  • രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക

 

13,643 people have contracted mumps this year in Malappuram