20
May 2024
Sun
20 May 2024 Sun

മലപ്പുറം: ജില്ലയില്‍ ആശങ്ക ശക്തമാക്കി മഞ്ഞപ്പിത്തം പടരുന്നു. ഇന്ന് മാത്രം രണ്ടുപേരാണ് ബാധിച്ച് മരിച്ചത്. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് ഒടുവില്‍ മരിച്ചത്. ഭിന്നശേഷിക്കാരനാണ്. കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത് ജിഗിന്റെ സഹോദരന്‍ ജിബിനെയാണ്. ജിബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ അച്ഛന്‍ ചന്ദ്രനെയും രോഗം ബാധിച്ചിരുന്നു. അദ്ദേഹം നിലമ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനുശേഷമാണ് ജിഗിനെയും രോഗം ബാധിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍ ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

ജില്ലയില്‍ വന്‍തോതില്‍ മഞ്ഞപ്പിത്തം പടരുകയാണ്. ജനുവരി മുതല്‍ 3180 ലേറെ പേര്‍ക്ക് രോഗലക്ഷണം കണ്ടുപിടിച്ചിരുന്നു. 1032 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

14 year old boy dis with jaundice malappuram