ജനുവരി 26-ന് കോട്ദ്വാറില്‍ 70 വയസ്സുള്ള ഒരു മുസ്ലിം വ്യാപാരിയെ അദ്ദേഹത്തിന്റെ കടയുടെ പേരില്‍ നിന്ന് ‘ബാബ’ എന്ന വാക്ക് ഒഴിവാക്കാന്‍ നിര്‍ബന്ധിച്ച ഹിന്ദുത്വ ഗ്രൂപ്പിനെതിരെ രംഗത്തുവന്ന ദീപക് കുമാറിന് പിന്തുണയുമായി സുപ്രീം കോടതിയിലെ 15 മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തി. ഇതിനെത്തുടര്‍ന്ന് ദീപക് നേരിടുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കാനാണ് ഈ നിയമവിദഗ്ധരുടെ കൂട്ടായ്മ മുന്നോട്ടുവന്നത്.
|
തൊണ്ണൂറുകാരനായ വ്യാപാരിയെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരില്‍ നിന്ന് സംരക്ഷിക്കുന്നതിനിടെ താന്‍ ‘മുഹമ്മദ് ദീപക്’ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ജിം ഉടമയായ ദീപക് കുമാര്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക ബഹിഷ്‌കരണമാണ് നേരിടുന്നതെന്ന് രണ്ട് ദിവസം മുമ്പ് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോട്ദ്വാറിലെ ബദരീനാഥ് റോഡിലുള്ള ‘ഹള്‍ക്ക് ജിമ്മി’ല്‍ ഈ സംഭവത്തിന് മുമ്പ് 150 അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വെറും 15 ആയി കുറഞ്ഞു. ജിമ്മിന്റെ വാടകയിനത്തില്‍ മാസം 40,000 രൂപയും വീട് ലോണ്‍ ഗഡുവായി 16,000 രൂപയും നല്‍കേണ്ടി വരുന്ന ദീപക്കിന് ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ജനുവരി 26-ലെ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ദീപക് ശ്രദ്ധിക്കപ്പെട്ടെങ്കിലും, ഇത് അദ്ദേഹത്തിനെതിരെയുള്ള ഹിന്ദുത്വ പ്രചാരണങ്ങള്‍ക്കും കാരണമായി. ജനുവരി 31-ന് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ദീപക്കിനെ നേരിടാന്‍ എത്തിയെങ്കിലും പോലീസ് അവരെ തടയുകയായിരുന്നു. ഇതിനുപുറമെ ഓണ്‍ലൈനിലും വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
നിലവില്‍ മുതിര്‍ന്ന അഭിഭാഷകര്‍ ഓരോരുത്തരും 10,000 രൂപ വീതം ഒരു വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ഫീസായി നല്‍കി ദീപക്കിനെ സഹായിക്കാന്‍ മുന്നോട്ടുവന്നു. സി.പി.ഐ(എം) എം.പി ജോണ്‍ ബ്രിട്ടാസ് ജിം സന്ദര്‍ശിക്കുകയും മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ നീക്കമെന്ന് അഭിഭാഷകര്‍ പറഞ്ഞു. കൂടാതെ, നിയമപോരാട്ടങ്ങളില്‍ ദീപക്കിന് സൗജന്യ നിയമസഹായം നല്‍കുമെന്നും അഭിഭാഷക സമൂഹം ഉറപ്പുനല്‍കിയിട്ടുണ്ട്.
മത സൗഹാര്‍ദ്ദത്തിനായി നിലകൊണ്ട ദീപക്കിന് നിയമപരമായ പ്രത്യാഘാതങ്ങളെ നേരിടാന്‍ 20-ലധികം അഭിഭാഷകര്‍ ഇപ്പോള്‍ ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്ന് ഒരു അഭിഭാഷകന്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നടി സ്വര ഭാസ്‌കര്‍, എഴുത്തുകാരന്‍ ഹര്‍ഷ് മന്ദര്‍ എന്നിവരും ദീപക്കിനെ സഹായിക്കാനായി മെമ്പര്‍ഷിപ്പ് എടുക്കുന്ന കാര്യം മുന്നോട്ടുവെച്ചിരുന്നു. ഇതിന് പിന്നാലെ ദീപക്കിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി അദ്ദേഹത്തിന്റെ ജിമ്മിന്റെ അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് എക്‌സ് (X), ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ രംഗത്തെത്തുന്നത്.
ചിലര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാന്‍ ദീപക്കിനെ ഉപദേശിക്കുകയും അതില്‍ ചേരാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്. ജയ്പൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ അവി ദണ്ഡിയ, ദീപക്കിന്റെ ജിമ്മില്‍ ചേരുന്ന ആദ്യത്തെ 100 പേരുടെ ഒരു മാസത്തെ ഫീസ് താന്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് എക്‌സിലൂടെ അറിയിച്ചു.




