ന്യൂഡല്‍ഹി: രാജ്യത്തെ 150 മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടപ്പെട്ടേക്കുമെന്ന് റിപോര്‍ട്ട്. മതിയായ ജീവനക്കാരില്ലാത്തതും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ കോളജുകള്‍ക്കുള്ള അംഗീകാരമാണ് നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കുക. 40 മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കിയതിനു പുറമേയാണിത്.
|
ഗുജറാത്ത്, അസം, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലുള്ള മെഡിക്കല്‍ കോളജുകള്‍ക്കാണ് കമ്മീഷന്റെ പിടിവീഴുക. ഒരുമാസത്തിലേറെയായി കോളജുകള്‍ സന്ദര്‍ശിച്ച് അണ്ടര്‍ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡ് റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം റദ്ദാക്കേണ്ട കോളജുകള്‍ തിരഞ്ഞെടുത്തത്. അതേസമയം അംഗീകാരം റദ്ദാക്കപ്പെടുന്ന കോളജുകള്‍ക്ക് അപ്പീലിനു പോവാന്‍ 30 ദിവസത്തെ സാവകാശമുണ്ട്. അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാം.
ഇത്രയധികം കോളജുകളുടെ അംഗീകാരം റദ്ദാക്കപ്പെടുന്നത് ഇവിടുത്തെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ്. കൂണുകള്‍ പോലെ മുളച്ചുപൊന്തിയ മെഡിക്കല്‍ കോളജുകളാണ് മതിയായ മാനദണ്ഡങ്ങള്‍ പോലുമില്ലാതെ പ്രവര്‍ത്തിച്ച് വിദ്യാര്‍ഥികളെ കൂടി പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
2014നു ശേഷം രാജ്യത്തുണ്ടായിരുന്നതിന്റെ കോളജുകളുടെ ഇരട്ടിയലധികം സ്ഥാപിതമായെന്നാണ് കണക്ക്. 2014ല്‍ 387 മെഡിക്കല്‍ കോളജുകളാണ് രാജ്യത്തുണ്ടായിരുന്നത്. 2023 ആയപ്പോഴേക്കും കോളജുകളുടെ എണ്ണം 660 ആയി വര്‍ധിച്ചു.


