09
Oct 2023
Sat
09 Oct 2023 Sat

ഹമാസ്- ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഹമാസ് ആക്രമണത്തിന് പിന്നാലെ ​ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 198 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ‘ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്’ എന്ന പേരിലുള്ള ഇസ്രയേലിന്റെ ആക്രമണത്തിൽ 1600 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങളാണ് ഇസ്രയേല്‍ സൈന്യം അയയ്ക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ഹമാസ് അക്രമണത്തിൽ 100 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി റോയിട്ടേസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 740 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. പരിക്കേറ്റ 545 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജനങ്ങൾ സൈനിക നിർദേശം അനുസരിക്കണമെന്നും യുദ്ധത്തെ കുറിച്ച് ഒരു പ്രസ്താവനയും മന്തിമാർ നടത്തരുതെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. മൂന്ന് കൂടിയേറ്റ കോളനികളുടെ നിയന്ത്രണം ഹമാസിന്റെ പക്കലാണ്. സൈനികരടക്കം 52 ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കിയതായി റിപ്പോർട്ട്. 5000ലേറെ റോക്കറ്റുകളാണ് ചുരുങ്ങിയ സമയം കൊണ്ട് ഹമാസ് ഇസ്രായേലി സൈനിക കേന്ദ്രങ്ങളിലേക്ക് തൊടുത്തുവിട്ടത്.

അതേസമയം, അൽ അഖ്‌സ പള്ളിയുടെ പവിത്രത സംരക്ഷിക്കാനാണ് പുതിയ പ്രതിരോധമെന്ന് ഹമാസ് വ്യക്തമാക്കി. ‘തൂഫാനുൽ അഖ്സ’ എന്ന് പേരിലാണ് ഹമാസിന്റെ ആക്രമണം. വെസ്റ്റ് ബാങ്കിലെയും ജെറുസലെമിലെയും ഫലസ്തീനികളോട് പ്രതിരോധിനിറങ്ങാൻ ഹമാസ് ആഹ്വാനം ചെയ്യുകയും ചെയ്തു. ഐഡിഎഫ് ടാങ്ക് അടക്കമുള്ള സൈനികവാഹനങ്ങളും ഹമാസ് ഇസ്രായേൽ സേനയിൽ നിന്ന് പിടിച്ചെടുത്തു.

ഇതിനിടെ, ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാരോട് ജാഗ്രതയോടെയിരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നുമാണ് നിർദേശം. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്.

അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി ഫോൺ നമ്പരും നൽകിയിട്ടുണ്ട്. ഇസ്രയേലിലേക്കുള്ള വിമാന സ‍ർവീസുകൾ റദ്ദാക്കിയതായി എയ‍ർ ഇന്ത്യ അറിയിച്ചു. ഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കും തിരിച്ചുമുള്ള സ‍ർവീസുകളാണ് റദ്ദാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക