02
Mar 2024
Fri
02 Mar 2024 Fri
bjp IT cell

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ തന്ത്രങ്ങളില്‍ ഇക്കുറിയും ബിജെപിയെ വെല്ലാന്‍ ആരുമില്ല. യുവ വോട്ടാര്‍മാരെ ആകര്‍ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റല്‍ പ്രചാരണ യുദ്ധത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. കോടികള്‍ പൊടിച്ചുള്ള പ്രചാരണ പൂരം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് മറ്റു പാര്‍ട്ടികള്‍. ( 2024 loksabha election BJP Social media campaign )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പയറ്റിയ തന്ത്രങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ട രീതിയിലാണ് ഇക്കുറി ബിജെപി ഐടി സെല്‍ പുറത്തെടുക്കുന്നത്. ഇലക്ടറല്‍ ബോണ്ട് വിവാദത്തില്‍ മുഖംകെട്ട് നില്‍ക്കുന്ന പാര്‍ട്ടി യുവ വോട്ടര്‍മാര്‍ക്കിടയില്‍ അതിനെ മറികടക്കുന്നതിന് വന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വാട്‌സാപ്പ്, എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ഫേയ്‌സ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ യുദ്ധമുറികളില്‍ നിന്ന് പുറത്തിറങ്ങുന്ന കണ്ടന്റുകള്‍ പലതും ചെറുപ്പക്കാര്‍ക്കിടയില്‍ ട്രെന്റിങാണ്. ഇതിനായി പതിനെട്ടടവും പയറ്റി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന വന്‍സംഘം തന്നെ അണിയറയിലുണ്ട്.

വാട്‌സാപ്പാണ് പ്രധാനപ്പെട്ട പ്രചാരണ മാര്‍ഗ്ഗം. 50 ലക്ഷം വാട്‌സാപ്പ് ഗ്രൂപ്പുകളാണ് ബിജെപിയുടെ ഐടി സെല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെറും 12 മിനിറ്റിനുള്ളില്‍ ഡല്‍ഹിയില്‍ നിന്നും രാജ്യത്തിന്റെ മുക്കിലും മൂലയിലും വാട്‌സാപ്പിലൂടെ സന്ദേശങ്ങളെത്തും. മുന്‍ വര്‍ഷങ്ങളില്‍ ഇത് 40 മിനിറ്റായിരുന്നു. വരും വര്‍ഷങ്ങളില്‍ 5 മിനിറ്റായി ഈ സമയം ചുരുക്കാനാണ് ശ്രമിക്കുന്നത്.

2019 വരെ ബിജെപിയുടെ പരസ്യബജറ്റിന്റെ സിംഹഭാഗവും ഫേയ്‌സ്ബുക്കിനായിരുന്നു. എന്നാല്‍, ഫേസ്ബുക്കില്‍ പഴയതു പോലെ യുവ സാന്നിധ്യമില്ല. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സും യൂട്യൂബ് ഷോര്‍ട്‌സുമാണ് താരം. അതുകൊണ്ട് തന്നെ വലിയ തോതില്‍ പണമിറക്കുന്നത് ഇതിലേക്കുള്ള ട്രെന്‍ഡിങ് മീമുകളും മ്യൂസിക്കും ഉപയോഗിച്ചുള്ള ചെറിയ വീഡിയോകള്‍ നിര്‍മിക്കാനാണ്. വലിയ വീഡിയോകളൊന്നും കാണാന്‍ ഇപ്പോള്‍ ആളെ കിട്ടുന്നില്ലെന്ന് ബിജെപി ഐടി സെല്ലിലുള്ള നിഖില്‍ ശ്രീവാസ്തവ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെയും ബിജെപി കാര്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ്‌നെസ് ഇന്‍ഫ്‌ലുവന്‍സറായ അങ്കിത് ബയാന്‍പുരിയയ്‌ക്കൊപ്പം ഒരു വീഡിയോ ചെയ്തിരുന്നു. നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ കാമ്യ പഞ്ചാബിക്കൊപ്പമുള്ള ഒരു വീഡിയോയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഭാഗമായിരുന്നു. വമ്പന്‍ ഫാന്‍സുള്ള ഇത്തരം ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പങ്കാളിത്തം പാര്‍ട്ടി സന്ദേശം അതിവേഗം ചെറുപ്പക്കാരിലെത്താന്‍ സഹായിക്കുന്നു.

കഴിഞ്ഞയാഴ്ച ബിജെപി ഡേറ്റിങ് ആപ്പിന്റെ മാതൃകയില്‍ ഒരു റീല്‍ പുറത്തിറക്കിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ പ്രൊഫൈലുകളെ ഇടതുവശത്തേക്ക് സൈ്വപ്പ് ചെയ്യുന്നതായിരുന്നു ഉള്ളടക്കം. ഇത് ചെറുപ്പക്കാര്‍ക്കിടയില്‍ വന്‍തരങ്കമായി മാറി.
bjp social media campaign

രണ്ട് ദിവസം മുമ്പ് ബിജെപി ഇന്‍സ്റ്റഗ്രാമില്‍ തുടങ്ങിയ ബ്രോഡ്കാസ്റ്റ് ചാനലിന് ഇതിനകം രണ്ടു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരായി. കഴിഞ്ഞ ഒരുമാസത്തിനിടെ ഫേയ്‌സ്ബുക്കിലെ പ്രധാന ബിജെപി ഹാന്‍ഡിലല്‍ പരസ്യത്തിനായി മാത്രം ചെലവായത് 1.77 കോടിയാണ്. ഗൂഗിള്‍ പരസ്യത്തിനാകട്ടെ ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 4 വരെ ചെലവാക്കിയത് 30 കോടിയും.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച കോടികള്‍ പ്രചാരണ മാമാങ്കത്തിനായി ബിജെപി പൊടിപൊടിക്കുമ്പോള്‍ സാമ്പത്തിക ഞെരുക്കത്തില്‍ മുക്കിമൂളി നീങ്ങുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. പല കാരണങ്ങള്‍ പറഞ്ഞ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതിനാല്‍ പ്രചാരണ രംഗത്ത് വലിയ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്.

രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമല്ലാത്ത നിഷ്പക്ഷ യുവനിരയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ബിജെപി പ്രചാരണങ്ങളെ തങ്ങളാല്‍ കഴിയും വിധം കൗണ്ടര്‍ ചെയ്യുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഫാസിസ്റ്റ് വിരുദ്ധ എന്‍ജിഒ ഇത്തരത്തില്‍ നടത്തിയ നീക്കം വിജയം കണ്ടിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക