ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF 2026) പത്തടി ഉയരമുള്ള കലാകാരന്മാരുടെ സർക്കസ് പ്രകടനം സന്ദർശകർക്ക് വേറിട്ട അനുഭവമായി. കാണികൾക്കിടയിലൂടെ സഞ്ചരിച്ച കലാകാരന്മാർ കൗതുകവും വിസ്മയവും നിറഞ്ഞ കാഴ്ചകളാണ് ഒരുക്കിയത്.
|
ജർമൻ സ്വദേശികളായ സ്റ്റിൽറ്റ് വാക്കിങ് കലാകാരന്മാരായ ജാനിൻ ജെയ്ഗിയും മാർട്ടിൻ സാസെയും അവതരിപ്പിച്ച ‘ദി കരൂസൽ റോയൽസ്’ എന്ന പരിപാടിയാണ് ശ്രദ്ധേയമായത്. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാസംഘത്തിന്റെ സ്ഥാപകരായ ഇരുവരും പുതിയ അവതരണവുമായാണ് ഇത്തവണ പുസ്തകമേളയിൽ എത്തിയത്.
വർണാഭമായ ചായങ്ങളും സർക്കസ് പ്രമേയത്തിലുള്ള അലങ്കാരങ്ങളുമുള്ള വസ്ത്രങ്ങളണിഞ്ഞാണ് കലാകാരന്മാർ മേളയുടെ വിവിധ ഹാളുകളിലൂടെ സഞ്ചരിച്ചത്. ഇതിനിടെ സന്ദർശകരുമായി സംവദിക്കുകയും അവരെ പ്രകടനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. മാർട്ടിൻ സാസെ ഹുല ഹൂപ്പ് ഉപയോഗിച്ച് ആളുകളെ അതിലൂടെ ചാടിക്കടക്കാൻ ക്ഷണിച്ചതും കൗതുകമായി.
ജാനിൻ ജെയ്ഗിയുടെ മണിയുടെ ആകൃതിയിലുള്ള വസ്ത്രത്തിൽ ഒരുക്കിയിരുന്ന മിനിയേച്ചർ സർക്കസ് ദൃശ്യങ്ങളും ശ്രദ്ധേയമായി. സർക്കസിലെ പരമ്പരാഗത വേഷങ്ങൾ തലകീഴായി അവതരിപ്പിക്കുന്നതായിരുന്നു ഇതിന്റെ പ്രത്യേകത. മനുഷ്യനെ തൊപ്പിയിൽനിന്ന് പുറത്തെടുക്കുന്ന മുയൽ, പരിശീലകനെ മെരുക്കുന്ന സിംഹം, സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നതായി പ്രഖ്യാപിക്കുന്ന ആന തുടങ്ങിയ ദൃശ്യങ്ങൾ വസ്ത്രത്തിൽ ഒരുക്കിയിരുന്നു.
സർക്കസിലെ യാഥാർഥ്യത്തെ തലകീഴായി അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് മാർട്ടിൻ സാസെ പറഞ്ഞു. മനുഷ്യർ തന്നെ പ്രദർശനവസ്തുക്കളായി മാറിയാൽ എങ്ങനെയായിരിക്കുമെന്ന ആശയമാണ് പ്രകടനത്തിലൂടെ അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദർശകരുടെ മുഖത്ത് അത്ഭുതവും വിസ്മയവും വിരിയുന്നത് കാണുന്നതാണ് തന്റെ പ്രകടനത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് ജാനിൻ ജെയ്ഗി പറഞ്ഞു. കുറഞ്ഞ സമയം മാത്രമാണ് ഓരോ കാഴ്ചക്കാരുമായും ഇടപഴകാൻ ലഭിക്കുന്നതെങ്കിലും അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി ഏറെ സന്തോഷം നൽകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പുസ്തകമേളയുടെ വിവിധ ഹാളുകളിലും ലോബികളിലുമായി നടക്കുന്ന ഇത്തരം സഞ്ചരിക്കുന്ന കലാപരിപാടികൾ സന്ദർശകർക്ക് അപ്രതീക്ഷിതമായ വിനോദാനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഉയരമുള്ള കലാകാരന്മാർക്കും സാങ്കൽപ്പിക കഥാപാത്രങ്ങൾക്കും സംവേദനാത്മക പ്രകടനങ്ങൾക്കും ഈ പരിപാടിയിൽ പ്രത്യേക സ്ഥാനമുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





