ഏഴാംനിലയുടെ മുകളിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 33കാരി വീണുമരിച്ചു. കൊൽക്കത്തയിലാണ് സംഭവം. ബഹുനിലകെട്ടിടത്തിലെ ഒന്നാം നിലയിലെ താമസക്കാരിയായ അഞ്ജന ദാസ്വാസ് ആണ് മരിച്ചത്. അഞ്ജനയുടെ വളർത്തുപൂച്ച കെട്ടിടത്തിനു മുകളിൽ കയറുകയും ഇവിടെ കുടുങ്ങുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ജന കെട്ടിടത്തിൽ താഴേക്കു വീഴുകയും മരിക്കുകയുമായിരുന്നു. രണ്ട് കെട്ടിടങ്ങൾക്കിടയിൽ ചോരയിൽ കുളിച്ച യുവതിയെ കെട്ടിടത്തിലെ സുരക്ഷാജീവനക്കാരാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
|
അഞ്ജന പൂച്ചയെ തിരക്കി നടക്കുന്നത് കണ്ടിരുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകി. അഞ്ജനയുടെ മരണശേഷം പൂച്ചയെ സുരക്ഷിതമായി കണ്ടെത്തി. അഞ്ജന വളർത്തിയിരുന്ന പൂച്ച അടുത്തിടെ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ പൂച്ചക്കുട്ടികളെ കാണാതെയായി. തുടർന്ന് അഞ്ജന ഇവയെ തിരയുകയും രണ്ടെണ്ണത്തിനെ കണ്ടെത്തുകയും ചെയ്തു. മൂന്നാമത്തെ കുഞ്ഞിനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് യുവതി വീണുമരിക്കുന്നതെന്നാണ് അയൽവാസികളുടെ മൊഴികൾ വ്യക്തമാക്കുന്നത്. വൃദ്ധമാതാവിനൊപ്പമായിരുന്നു അഞ്ജന ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.


