15
Sep 2023
Mon
15 Sep 2023 Mon

മധ്യപ്രദേശ്: നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ബസ്സിടിച്ച് 39 BJP പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭോപ്പാല: മധ്യപ്രദേശില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ബസ്സിടിച്ച് 39 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രി മോദി അതിഥിയായെത്തുന്ന ബിജെപി പ്രവര്‍ത്തകരുടെ മെഗാ സഭ, ‘കാര്യകര്‍ത്താ മഹാകുംഭ’ത്തിനായി ഭോപ്പാലിലേക്ക് പോകുകയായിരുന്നു പാര്‍ട്ടിക്കാര്‍. ഇതിനിടെ കസ്രവാഡിന് സമീപം രാത്രി വൈകിയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഖപര്‍ജംലി, രൂപ്ഗഢ്, ഭഗവാന്‍പുരയിലെ റായ് സാഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരാണ് ബസില്‍ ഉണ്ടായിരുന്നത്. ജനസംഘം സഹസ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രകളുടെ ഔപചാരികമായ സമാപനത്തോടനുബന്ധിച്ചാണ് ‘കാര്യകര്‍ത്താ മഹാകുംഭ്’ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 45 ദിവസത്തിനിടെ പ്രധാനമന്ത്രിയുടെ മൂന്നാമത്തെ മധ്യപ്രദേശ് സന്ദര്‍ശനമാണിത്.

പാര്‍ട്ടിയുടെ ശക്തിപ്രകടനമായി ഉയര്‍ത്തിക്കാട്ടുന്ന ‘മഹാകുംഭ്’ പരിപാടിക്കായി 10 ലക്ഷം ആളുകളെ എത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷാവസാനം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് മധ്യപ്രദേശില്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക