അഞ്ചുവയസ്സുകാരനായ മദ്റസാ വിദ്യാർഥിയെ പ്രായപൂർത്തിയാവാത്ത മൂന്ന് ആൺകുട്ടികൾ തല്ലിക്കൊന്നു. ഡൽഹിയിലെ ദയാൽപൂറിലാണ് സംഭവം. 9നും 11നും ഇടയിൽ പ്രായമുള്ള മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആന്തരിക മുറിവാണ് കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
കരൾ പിളർന്നിരുന്നുവെന്നും അടിവയറ്റിലും ശ്വാസകോശത്തിലും രക്തസ്രാവമുണ്ടായിരുന്നുവെന്നും റിപോർട്ടിൽ പറയുന്നു.
|
കുട്ടി തങ്ങളെ ചീത്ത വിളിച്ചതിനെ ചൊല്ലിയുള്ള വഴക്കിനെ തുടർന്നാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് പിടിയിലായ ഒരാൾ മൊഴി നൽകിയതെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.52നാണ് മദ്റസയിൽ കുട്ടി മരിച്ചുവെന്ന വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
അന്നേദിവസം വൈകീട്ട് 6.30ന് കുട്ടിക്ക് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി മദ്റസ അധികൃതർ അമ്മയെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചുമാസമായി മകൻ മദ്റസയിൽ പഠിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹവുമായി എത്തിയ ജനക്കൂട്ടം മദ്റസയ്ക്കു മുന്നിൽ പ്രതിഷേധിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.





