തങ്ങളുടെ കന്നി ലോകകപ്പില്‍ തന്നെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ച കേപ് വെര്‍ദെ (Cabo Verde) ഫുട്‌ബോള്‍ ടീമിന് കടുത്ത തിരിച്ചടിയായി ക്യാപ്റ്റന്‍ റയാന്‍ മെന്‍ഡിസിനെതിരെയുള്ള (Ryan Mendes) ബലാത്സംഗ അന്വേഷണം. ന്യൂസിലന്‍ഡില്‍ വെച്ച് നടന്ന ഒരു ടൂര്‍ണമെന്റിനിടെ ടീമിന്റെ പരിഭാഷകയായി (Translator) ജോലി ചെയ്തിരുന്ന ബ്രസീലിയന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മെന്‍ഡിസിനെതിരെയുള്ള പരാതി. ബ്രസീലിയന്‍ മാധ്യമമായ ‘ഗ്ലോബോ’ (Globo) ആണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.
|
കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂസിലന്‍ഡില്‍ നടന്ന ഫിഫ സീരീസിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓക്ലന്‍ഡിലെ ഹോട്ടല്‍ മുറിയിലേക്ക് മെന്‍ഡിസ് അതിക്രമിച്ചു കയറുകയും തന്നെ ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുകയുമായിരുന്നു എന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ഇവര്‍ വൈദ്യപരിശോധനയ്ക്ക് വിധേയയായിരുന്നു. യുവതിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും കടുത്ത പരിക്കേറ്റതായും മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകളുണ്ടായിരുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പരിക്കുകളുടെ ചിത്രങ്ങള്‍ യുവതി പോലീസിനും മാധ്യമങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
തനിക്കുണ്ടായ ക്രൂരമായ അനുഭവം കബോ വെര്‍ദെ ഫുട്‌ബോള്‍ ഫെഡറേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും ആരും തന്നെ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു. ഫോറന്‍സിക് പരിശോധനകള്‍ ഉള്‍പ്പെടെയുള്ള പോലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷമേ താരത്തിനെതിരെ കുറ്റം ചുമത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ എന്ന് ന്യൂസിലന്‍ഡ് പോലീസ് അറിയിച്ചു. വിഷയത്തില്‍ ഫിഫയും (FIFA) ഇടപെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഇത്തരം ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ന്യൂസിലന്‍ഡ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും ഫിഫ വ്യക്തമാക്കി.
ALSO READ: ചുംബന രംഗത്തിനിടെ കങ്കണ റാവത്ത് നടന്റെ ചുണ്ട് കടിച്ചുമുറിച്ചു; കങ്കണയുടെ പ്രതികരണം ഇങ്ങനെ
ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ അത്ഭുത കഥകളിലൊന്നായിരുന്നു കബോ വെര്‍ദെയുടേത്. 40 വയസ്സുകാരനായ ഗോള്‍കീപ്പറുടെ കരുത്തില്‍ സ്‌പെയിന്‍, ഉറുഗ്വേ തുടങ്ങിയ വമ്പന്മാരെ സമനിലയില്‍ തളച്ചാണ് ഈ ചെറിയ ദ്വീപ് രാഷ്ട്രം റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയത്. 2010-ല്‍ സ്ലൊവാക്യയ്ക്ക് ശേഷം അരങ്ങേറ്റ ലോകകപ്പില്‍ തന്നെ നോക്കൗട്ടിലെത്തുന്ന ആദ്യ ടീമാണിത്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറുന്ന 2002-ലെ സെനഗലിന്റെ റെക്കോര്‍ഡിനൊപ്പവും ഇവര്‍ എത്തിയിരുന്നു.
തുര്‍ക്കി ക്ലബ്ബായ ഇഗ്ദിറിനായി (Igdir) കളിക്കുന്ന സൂപ്പര്‍ ഫോര്‍വേഡായ റയാന്‍ മെന്‍ഡിസ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. വരും ദിവസങ്ങളില്‍ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമായാല്‍ അത് ടീമിന്റെ മുന്നേറ്റത്തെ ബാധിക്കും. ജൂലൈ 3 വെള്ളിയാഴ്ച മിയാമിയില്‍ വെച്ച് നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്റീനയാണ് കബോ വെര്‍ദെയുടെ എതിരാളികള്‍.
Cape Verde captain being investigated for rape in New Zealand





