ഹിജാബ് ഇസ്ലാമിലെ അവിഭാജ്യ മതാചാരമല്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ശക്തമായ വിമർശനവുമായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി. മതത്തിൽ എന്താണ് അനിവാര്യമെന്നും എന്തല്ലെന്നും തീരുമാനിക്കേണ്ടത് കോടതികളല്ലെന്നും ഉവൈസി പ്രതികരിച്ചു.
|
“ഇത് ഞങ്ങളുടെ മതമാണ്. എന്താണ് അനിവാര്യമെന്ന് ഞങ്ങളാണ് തീരുമാനിക്കുക. ആരാണ് ജഡ്ജിമാർ തീരുമാനിക്കാൻ? ഇത് ഞങ്ങളുടെ മതത്തിനെതിരായ ആക്രമണമാണ്,” ഉവൈസി പറഞ്ഞു.
ആഗസ്റ്റ് 21നാണ് അലഹാബാദ് ഹൈക്കോടതി ഹിജാബുമായി ബന്ധപ്പെട്ട ഹരജി തള്ളിയത്. പ്രയാഗ്രാജിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയാണ് സ്കൂൾ യൂനിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. ഹിജാബ് അണിഞ്ഞു ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ വിദ്യാർഥിനി അതേ സ്ഥാപനത്തിൽ പ്ലസ് വണ്ണിന് പ്രവേശനം തേടുന്നതിനിടെയായിരുന്നു ഹരജി.
ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹിജാബ് ഇസ്ലാമിലെ അവിഭാജ്യ മതാചാരമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. സ്കൂളിന്റെ യൂനിഫോം ചട്ടം നീതിപൂർവവും വിവേചനരഹിതവുമാണെങ്കിൽ സ്ഥാപനത്തിന് അച്ചടക്കവും തുല്യതയും ഉറപ്പാക്കുന്നതിനായി വസ്ത്രധാരണച്ചട്ടം നടപ്പാക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
വിധി ഭരണഘടനയിലെ 19, 25 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഉവൈസിയുടെ ആരോപണം. ശബരിമല വിഷയത്തിൽ ‘അത്യാവശ്യ മതാചാരം’ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അലഹാബാദ് ഹൈക്കോടതി ഇക്കാര്യത്തിൽ വിധി പറയേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് ധരിക്കണമെന്നത് പെൺകുട്ടിയുടെ തിരഞ്ഞെടുപ്പിന്റെയും സ്വകാര്യതയുടെയും ഭാഗമാണെന്നും ഉവൈസി പ്രതികരിച്ചു. “അവൾ തലയിൽ ഹിജാബാണ് ധരിക്കുന്നത്, മനസ്സിലല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഹിജാബ് വിധി മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഉവൈസി ആരോപിച്ചു. “യൂനിഫോമിലെ ഏകീകരണം തുല്യതയല്ല,” എന്നും അദ്ദേഹം പറഞ്ഞു.
ALSO READ:വടകരയിൽ പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി ലാത്തിവീശി പോലീസ്; പ്രതിഷേധം ശക്തം
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




