കേട്ടത് സത്യം, വാമികയ്ക്ക് കൂട്ടായി അനിയനെത്തി; രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും
|
നടി അനുഷ്‌ക ശര്‍മയ്ക്കും ക്രിക്കറ്റ് താരം വിരാട് കോലിയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ഫെബ്രുവരി 15ന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചെന്ന സന്തോഷ വാര്‍ത്ത കോലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഞങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നു, വാമികയ്ക്ക് അനിയനായി അകായ് എത്തിയിരിക്കുകയാണ്.നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’. നിങ്ങള്‍ ഈ അവസരത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കും എന്ന് കരുതുന്നു എന്നും താരം കുറിച്ചു. കുഞ്ഞിന്റെ ചിത്രം ഇരുവരും പങ്കുവെച്ചിട്ടില്ല. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്.
2017 ലാണ് അനുഷ്‌കയും കോലിയും തമ്മിലുള്ള ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തിയത്. 2021 ല്‍ മകള്‍ വാമിക ജനിച്ചു. കോലി അടുത്തിടെ പല മത്സരങ്ങളിലും ടീമിനൊപ്പമുണ്ടായിരുന്നില്ല. ടീം സ്‌ക്വാഡില്‍ ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതായി ബി.സി.സി.ഐയെ അറിയിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും കോലി പങ്കെടുത്തില്ല. ഇതെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചപ്പോള്‍ കാരണം തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരവും ഐ.പി.എലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ കോലിയുടെ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സ് രംഗത്ത് വന്നത് വലിയ ചര്‍ച്ചയായി.
കോലിയും അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതിനാലാണ് താരം ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്. കോലിയുമായി നടത്തിയ ചാറ്റ് മുന്‍നിര്‍ത്തിയായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പരാമര്‍ശം.
എന്നാല്‍ തനിക്ക് തെറ്റുപറ്റിയെന്നും ഇത്തരമൊരു കാര്യമില്ലെന്നും എബിഡി പിന്നാലെ തിരുത്തി. വിരാടിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചാണ് ഡിവില്ലിയേഴ്‌സ് വാര്‍ത്ത തിരുത്തിയത് എന്നാണ് കരുതുന്നത്.


