15
Jun 2026
Mon
15 Jun 2026 Mon
Nestory Irankunda

ലണ്ടന്‍: തുര്‍ക്കിയുടെ പ്രതിരോധ നിരയെ കാറ്റില്‍പ്പറത്തിക്കൊണ്ട് അതിവേഗത്തില്‍ മുന്നേറി, തുര്‍ക്കി ഗോള്‍കീപ്പര്‍ ഉഗുര്‍കാന്‍ കാക്കിറിനെ കാഴ്ചക്കാരനാക്കി പന്ത് വലയുടെ താഴത്തെ മൂലയിലേക്ക് തുളച്ചുകയറ്റുമ്പോള്‍ നെസ്റ്റോറി ഇരങ്കുണ്ട (Nestory Irankunda) എന്ന പത്തൊന്‍പതുകാരന്‍ കുറിച്ചത് ഒരു പുതിയ ചരിത്രമാണ്. തനിക്ക് ചുറ്റുമുണ്ടായിരുന്ന വലിയ ഹൈപ്പുകളെല്ലാം വെറുതെയല്ലെന്ന് തെളിയിച്ച ഈ സുന്ദര ഗോള്‍, താരത്തിന് ലോകകപ്പ് ചരിത്രപുസ്തകത്തില്‍ ഒരു സ്ഥിരസിംഹാസനവും നേടിക്കൊടുത്തു. ബുറുണ്ടിയിലെ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് മാതാപിതാക്കള്‍ പലായനം ചെയ്തതിനെത്തുടര്‍ന്ന് താന്‍സാനിയയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇരങ്കുണ്ട ജനിച്ചത്. നിലവില്‍ ഇംഗ്ലീഷ് ക്ലബ്ബ് വാറ്റ്‌ഫോര്‍ഡിന്റെ (Watford) ഫോര്‍വേഡായ ഈ താരം, ലോകകപ്പ് ചരിത്രത്തില്‍ ഓസ്ട്രേലിയയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓസ്ട്രേലിയന്‍ ടീമില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും ജീവിതം ആരംഭിച്ച് ലോകകപ്പ് കളിക്കുന്ന മൂന്ന് താരങ്ങളില്‍ ഒരാളാണ് ഇരങ്കുണ്ട. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡില്‍ വളര്‍ന്ന ഇരങ്കുണ്ട വളരെ ചെറുപ്പത്തില്‍ തന്നെ അവിടുത്തെ മികച്ച കളിക്കാരില്‍ ഒരാളായി വളര്‍ന്നു. 15-ാം വയസ്സില്‍ പ്രാദേശിക ക്ലബ്ബായ അഡ്ലെയ്ഡ് യുണൈറ്റഡിനായി (Adelaide United) കളിച്ചുകൊണ്ട് സീനിയര്‍ കരിയര്‍ ആരംഭിച്ചു.

ALSO READ: ആണ്‍ വേഷം കെട്ടിയിട്ടും രക്ഷയില്ല; മിനിലോറിയില്‍ ക്ലീനറായ 17കാരിക്ക് നേരെ ലൈംഗികാതിക്രമം

പിന്നീട് ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ (Bayern Munich) റിസര്‍വ് ടീമിലേക്ക് മാറിയ താരം അവര്‍ക്കായി 15 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകള്‍ നേടി. ബയേണിന്റെ സീനിയര്‍ ടീമിനായി കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോണില്‍ സ്വിസ് ക്ലബ്ബായ ഗ്രാസ്‌ഹോപ്പറിലെത്തി (Grasshopper) 19 മത്സരങ്ങള്‍ കളിച്ചു. അവിടെ നിന്നും തിരികെയെത്തിയ ശേഷമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വാറ്റ്‌ഫോര്‍ഡുമായി താരം അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പിടുന്നത്.

താന്‍സാനിയ, ബുറുണ്ടി, ഓസ്ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ യോഗ്യതയുണ്ടായിരുന്ന ഇരങ്കുണ്ട, 2023-ലാണ് ഓസ്ട്രേലിയന്‍ ദേശീയ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.

ക്യാമ്പുകളില്‍ നിന്നും ഒരേ ടീമിലേക്ക്

ഇരങ്കുണ്ടയുടെ സഹതാരവും അടുത്ത സുഹൃത്തുമായ മുഹമ്മദ് ടൂറെ (Mohamed Toure) ഗിനിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് ലൈബീരിയന്‍ ദമ്പതികള്‍ക്ക് ജനിച്ചത്. പിന്നീട് ഇവരുടെ കുടുംബവും അഡ്ലെയ്ഡില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇവരുടെ മറ്റൊരു സഹതാരമായ അവെര്‍ മാബില്‍ (Awer Mabil) കെനിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ദക്ഷിണ സുഡാന്‍ ദമ്പതികള്‍ക്ക് ജനിച്ചയാളാണ്.

നിലവില്‍ ഇംഗ്ലീഷ് ക്ലബ്ബ് നോര്‍വിച്ചിനായി കളിക്കുന്ന ടൂറെയും ഇരങ്കുണ്ടയും തങ്ങളുടെ കന്നി ലോകകപ്പാണ് കളിക്കുന്നത്. സ്പാനിഷ് ക്ലബ്ബ് കാസ്റ്റിലോണിന്റെ താരമായ മാബിലിന്റെ രണ്ടാം ലോകകപ്പാണിത്. ഒരുകാലത്ത് പട്ടിണിയും ദുരിതവും മാത്രം കണ്ടിരുന്ന അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും ഒരു രാജ്യാന്തര ടീമിന്റെ മുന്നേറ്റനിരയെ നയിക്കാന്‍ ഈ മൂവര്‍ സംഘം എത്തിയത് കായികലോകത്തിന് തന്നെ വലിയൊരു പ്രചോദനമാണ്.

From Refugee Camp To FIFA World Cup History: Australia’s Nestory Irankunda