കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് ഇന്നു മുതല്‍. അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ പിഴ കൂടാതെ രാജ്യം വിടുകയോ പിഴയടച്ചു രേഖകള്‍ നിയമപരമാക്കുകയോ ചെയ്യാം. നൂറു കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഇത്തരത്തില്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നുണ്ട്. രാജ്യത്ത് നിലവില്‍ 1,10,000 നിയമ ലംഘകര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. (Kuwait general amnesty come into force from today)
|
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അസ്സബാഹ് ആണ് ഇത് സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചത്.
പരമാവധി 600 പിഴ 600 ദീനാര്‍ വരെ
പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്നവര്‍ക്ക് വീണ്ടും മറ്റൊരു വര്‍ക്ക് വിസയില്‍ കുവൈത്തിലേക്ക് മടങ്ങിവരാമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴ അടച്ചാല്‍ വിസാ രേഖകള്‍ സാധുതയുള്ളതാക്കാം. നിയമവിരുദ്ധമായി താമസിച്ച ഓരോ ദിവസത്തിനും രണ്ട് ദിനാര്‍ ആണ് പിഴ. 600 ദിനാര്‍ വരെ ആയിരിക്കും പരമാവധി പിഴ.
2020 ഏപ്രിലിലാണ് ഏറ്റവും ഒടുവില്‍ പൊതുമാപ്പ് അനുവദിച്ചത്. വിസാ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായി കുവൈത്തില്‍ താമസിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് പൊതുമാപ്പ് തീരുമാനം ഏറെ ആശ്വാസമാകും.
ജൂണ്‍ 17ന് ശേഷം കടുത്ത നടപടി
അതേസമയം, ജൂണ്‍ 17ന് ശേഷം നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യും. ഇവരെ രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയാത്ത വിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്തും. നിയമ പ്രകാരമുള്ള ശിക്ഷാ നടപടികള്‍ക്കു ശേഷമാവും ഇത്തരക്കാരെ നാടുകടത്തുക എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏതെങ്കിലും കേസില്‍പെട്ട നിയമ വിരുദ്ധ താമസക്കാരുണ്ടെങ്കില്‍ അവര്‍ റസിഡന്‍സികാര്യ വകുപ്പിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ബന്ധപ്പെട്ട വകുപ്പ് അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


