15
Apr 2024
Sun
15 Apr 2024 Sun
Air india express announced more services to gulf contries

കോഴിക്കോട്: അവധിക്കാലം പരിഗണിച്ച് കേരളത്തില്‍ നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഷാര്‍ജ, അബൂദബി, റാസല്‍ഖൈമ, ദമ്മാം, ബഹ്‌റൈന്‍ വിമാനത്താവളങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. കണ്ണൂരില്‍ നിന്ന് റൈസല്‍ഖൈമയിലേക്ക് പുതുതായി സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തീരുമാനിച്ചിട്ടുണ്ട്. ( Air india express announced more services to gulf contries )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗള്‍ഫ് മേഖലയിലെ അബൂദബി, ബഹ്റൈന്‍, ദമ്മാം, ദോഹ, ദുബൈ, മസ്‌ക്കത്ത്, റിയാദ്, ഷാര്‍ജ, സലാല എന്നീ 9 വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യക്ക് നേരിട്ട് സര്‍വീസുണ്ട്.

റാസല്‍ഖൈമയില്‍ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ 3 വിമാന സര്‍വീസാണ് തുടക്കത്തില്‍ ഉണ്ടാവുക. കണ്ണൂരില്‍നിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 8.45ന് റാസല്‍ഖൈമയില്‍ ഇറങ്ങും. തിരിച്ച് റാസല്‍ഖൈമയില്‍നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.10ന് കണ്ണൂരില്‍ ഇറങ്ങും

അബൂദബിയില്‍നിന്ന് ആഴ്ചയില്‍ 6 സര്‍വീസുണ്ടായിരുന്ന കൊച്ചിയിലേക്ക് 24 മുതല്‍ പ്രതിദിന സര്‍വീസാക്കി. ഞായറാഴ്ചകളിലെ പുതിയ സര്‍വീസ് രാത്രി 11.55ന് പുറപ്പെട്ട് പുലര്‍ച്ചെ 5.35ന് നെടുമ്പാശേരിയില്‍ ഇറങ്ങും.

ഈ മാസം 15 മുതല്‍ അബൂദബിയില്‍നിന്ന് മുംബൈ സെക്ടറുകളിലേക്ക് പ്രതിദിന സര്‍വീസാക്കി വര്‍ധിപ്പിച്ചു. രാത്രി 10.50ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.10ന് മുംബൈയില്‍ എത്തും.

മെയ് മുതല്‍ അബൂദബിയില്‍നിന്ന് കണ്ണൂരിലേക്ക് 4 അധിക സര്‍വീസ് ആരംഭിക്കും. ഞായര്‍, തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ അബൂദബിയില്‍ നിന്ന് രാത്രി 9.55ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.20ന് കണ്ണൂരിലെത്തും. നേരത്തെ ആഴ്ചയില്‍ 6 ദിവസമുണ്ടായിരുന്ന സര്‍വീസ് മേയ് മുതല്‍ പ്രതിദിന സര്‍വീസ് ആകുന്നതിനൊപ്പം തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ 2 സര്‍വീസുകളാകും.

തിരുവനന്തപുരത്ത് നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളുടെ എണ്ണം 35 എന്നത് 63 ആയി ഉയര്‍ന്നു. സൗദിയിലെ ദമ്മാമിന് പുറമേ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടി.

2023-നെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ആഴ്ച തോറുമുള്ള സര്‍വീസുകളുടെ എണ്ണം 77ല്‍ നിന്ന് 87 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ പുതുതായി ആരംഭിച്ച ബംഗളൂരു സര്‍വീസും എണ്ണം വര്‍ധിപ്പിച്ച റാസല്‍ ഖൈമ, ദമാം സര്‍വീസുകളും ഉള്‍പ്പെടുന്നു.