21
Oct 2026
Wed
21 Oct 2026 Wed
Indian Embassy in UAE shuts 4 consular service centres

യുഎഇയിലെ നാല് ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളുടെ (ICAC) പ്രവർത്തനം നിർത്തലാക്കുമെന്ന് അബുദബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 16ൽ നിന്ന് 12 ആയി കുറയും. ഭരണപരമായ കാരണങ്ങളാലാണ് നടപടിയെന്ന് എംബസി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബർ 22 വ്യാഴാഴ്ച മുതൽ മുസഫ, അൽ റീം, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്–1, ഷാർജ അൽ മജാസ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് അടച്ചുപൂട്ടുന്നത്. പാസ്‌പോർട്ട്, വിസ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് മുഖേന ഔട്ട്‌സോഴ്‌സ് ചെയ്തതിനെ തുടർന്നാണ് രാജ്യത്തുടനീളം ഈ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്.

അതേസമയം, അൽ ദാന, അൽ ഐൻ, മദീനത്ത് സായിദ്, അൽ ദഫ്റ, ഗയാത്തി, ബർ ദുബായ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ പതിവുപോലെ പ്രവർത്തിക്കും.

അടിയന്തര സേവനങ്ങൾക്ക് ഇളവ്

നിലവിലുള്ള 12 കേന്ദ്രങ്ങളും രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ പ്രവർത്തിക്കും. നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകർക്ക് കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. ബർ ദുബായ് കേന്ദ്രത്തിൽ 45 കൗണ്ടറുകളുള്ളതിനാൽ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി തത്കാൽ പാസ്‌പോർട്ട് അപേക്ഷകൾ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് (EC) അപേക്ഷകൾ, 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാരുടെ അപേക്ഷകൾ എന്നിവ എല്ലാ ICAC കേന്ദ്രങ്ങളിലും നേരിട്ടെത്തി സമർപ്പിക്കാം. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും സേവനം.
പാസ്‌പോർട്ട് ഫീസ് വർധന
2012ന് ശേഷം ആദ്യമായി ഇന്ത്യാ സർക്കാർ യുഎഇയിലെ പാസ്‌പോർട്ട് സേവന നിരക്കുകൾ ജൂലൈ ഒന്ന് മുതൽ വർധിപ്പിച്ചിരുന്നു.
– 36 പേജുള്ള സാധാരണ പാസ്‌പോർട്ട് പുതുക്കൽ: 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായി.
– 36 പേജുള്ള തത്കാൽ പാസ്‌പോർട്ട് പുതുക്കൽ: 900 ദിർഹം.
– 60 പേജുള്ള സാധാരണ പാസ്‌പോർട്ട് പുതുക്കൽ: 630 ദിർഹം.
– 60 പേജുള്ള തത്കാൽ പാസ്‌പോർട്ട് പുതുക്കൽ: 1,080 ദിർഹം.
സർക്കാർ നിശ്ചയിച്ച ഫീസിന് പുറമെ 19 ദിർഹം അധികമായി ഈടാക്കുമെന്ന് അൽ ഹിന്ദ് നേരത്തേ അറിയിച്ചിരുന്നു. ഫോട്ടോകോപ്പി, ഫോട്ടോഗ്രഫി തുടങ്ങിയ സേവനങ്ങളും ഈ തുകയിൽ ഉൾപ്പെടും.

ALSO READ: പീരുമേട്ടിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക