മുബൈ: ദുശ്ശീലങ്ങളൊന്നുമില്ലാത്ത തനിക്ക് ഹൃദയാഘാതമുണ്ടായത് കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം കൊണ്ടാവാമെന്ന് സംശയം പ്രകടിപ്പിച്ച് പ്രമുഖ നടനും സംവിധായകനുമായ ശ്രേയസ് തല്‍പാഡെ. പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നും കോവിഡ് വാക്‌സിനെടുത്ത ശേഷം തനിക്ക് ക്ഷീണം അനുഭവപ്പെട്ടെന്നും ശ്രേയസ് തല്‍പാഡെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. (Shreyas Talpade Says His Heart Attack Could Be A Side Effect Of COVID-19 Vaccine )
|
കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സംസാരിക്കവെയാണ് തനിക്കുണ്ടായ ഹൃദയാഘാതത്തെക്കുറിച്ച് പറഞ്ഞത്.
‘ഞാന്‍ പുകവലിക്കില്ല, സ്ഥിരം മദ്യപാനിയുമല്ല, മാസത്തിലൊരിക്കല്‍ മാത്രമാണ് കഴിക്കുന്നത്. കൊളസ്‌ട്രോള്‍ അല്‍പം കൂടുതലാണ്. അത് സാധാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിന് മരുന്ന് കഴിച്ചിരുന്നു. അതുപോലെ പ്രമേഹമോ രക്തസമ്മര്‍ദ്ദമോയില്ല. പിന്നെ എങ്ങനെയെനിക്ക് ഹൃദയാഘാതം വരുമെന്ന് താരം ചോദിക്കുന്നു.
കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം എനിക്ക് കുറച്ച് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. ഒരുപക്ഷേ അത് കോവിഡ് മൂലമോ അല്ലെങ്കില്‍ വാക്‌സിന്റെ പാര്‍ശ്വഫലമോ ആയിരിക്കാം. കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിക്കാനാവില്ല. നമ്മുടെ ശരീരത്തിനുള്ളില്‍ എന്താണ് എടുത്തതെന്ന് നമ്മള്‍ അറിയുന്നില്ല. നമ്മള്‍ കമ്പനികളെ വിശ്വസിച്ചു. കോവിഡിന് മുമ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് താന്‍ കേട്ടിട്ടില്ലെന്നും ശ്രേയസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് ശ്രേയസ് തല്‍പാഡെക്ക് കടുത്ത ഹൃദയാഘാതം ഉണ്ടായത്.





