20
May 2024
Mon
20 May 2024 Mon

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍. തോൽവിക്കും സമനിലക്കും ശേഷമാണ് ടീമിൻ്റെ തിരിച്ചുവരവ്. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ടോട്ടനത്തിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് റെഡ്‌സ് സ്വന്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തില്‍ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്. 16-ാം മിനിറ്റില്‍ സൂപ്പർ താരം മുഹമ്മദ് സലാഹ് ആണ് ചെമ്പടയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. സീസണില്‍ സലാഹിൻ്റെ 25-ാം ഗോളാണിത്. ആദ്യ പകുതിയുടെ അവസാനം ആന്‍ഡ്രൂ റോബേര്‍ട്‌സണിലൂടെ ലീഡ് ലിവർപൂൾ ലീഡ് ഇരട്ടിയാക്കി.

50-ാം മിനിറ്റില്‍ കോഡി ഗാക്‌പോയിലൂടെയും 59-ാം മിനിറ്റില്‍ ഹാര്‍വേ എല്ലിയോട്ടിലൂടെയും ലിവര്‍പൂള്‍ സ്‌കോര്‍ നാലാക്കി ഉയര്‍ത്തി. എന്നാല്‍ പിന്നീട് ടോട്ടനം തിരിച്ചടിച്ചു. 72-ാം മിനിറ്റില്‍ റിച്ചാര്‍ലിസണും 77-ാം മിനിറ്റില്‍ നായകൻ സണ്‍ ഹ്യൂങ്-മിനും ലക്ഷ്യം കണ്ടെങ്കിലും വിജയം സ്വന്തമാക്കാനായില്ല.

സീസണില്‍ ലിവര്‍പൂളിന്റെ 23-ാം വിജയമാണിത്. വിജയത്തോടെ റെഡ്‌സിന് 36 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റായി. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ലിവര്‍പൂള്‍.

മറ്റൊരു മത്സരത്തിൽ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത അഞ്ചുഗോളിന് ചെൽസി തകർത്തുവിട്ടു. സ്‌ട്രൈക്കർ നിക്കോളാസ് ജാക്‌സന്റെ ഇരട്ടഗോൾ(48,80) മികവിലാണ് നീലപട വമ്പൻജയം സ്വന്തമാക്കിയത്. കോൾ പാൽമർ(15),കൊണോർ ഗല്ലഗർ(30), നോണി മഡുവേക(36) എന്നിവരാണ് മറ്റു സ്‌കോറർമാർ. ജയത്തോടെ യുണൈറ്റഡിനെ പിന്തള്ളി ചെൽസി ഏഴാം സ്ഥാനത്തേക്കുയർന്നു. ആവേശ പോരാട്ടത്തിൽ ഒറ്റഗോളിന് ബ്രൈട്ടൻ ആസ്റ്റൺവില്ലയെ കീഴടക്കി. 87ാം മിനിറ്റിൽ ജോ പെഡ്രോയാണ് വിജയഗോൾ സ്വന്തമാക്കിയത്.

83 പോയിൻ്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്തും 82 പോയിൻ്റുമായി സിറ്റി രണ്ടാം സ്ഥാനത്തും ആണ്.