ദമ്മാം: തൂക്ക് കയറില്‍ ജീവന് അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ദൈവിക ഇടപെടല്‍. മകന്റെ കൊലയാളിക്ക് സൗദി പൗരന് മാപ്പ് നല്‍കിയത് ശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ. അവസാന നിമിഷം തന്റെ മകന്റെ ഘാതകന് മാപ്പ് നല്കാന് സര്വ്വശക്തന് തന്നെ പ്രേരിപ്പിച്ചുവെന്ന് പിതാവ് പറഞ്ഞു. ( a-saudi-citizen-pardoned-his-sons-killer-just-before-he-was-sentenced-to-death )
|
മോചനദ്രവ്യം നല്കി ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ മുമ്പ് നിരവധി തവണ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പിതാവ് വഴങ്ങിയിരുന്നില്ല. ഒടുവില്‍ തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നേരില്‍ കാണാനെത്തിയ പിതാവാണ് പ്രതിക്ക് മാപ്പ് നല്‍കിയത്.
സൗദി ഹഫര്‍ അല്‍ബാത്തിനിലെ അല്‍ഹുമൈദ് അല്‍ ഹര്‍ബിയാണ് മകന്റെ ഘാതകന് അവസാന നിമിഷത്തില്‍ നിരപാധികം മാപ്പ് നല്കി ഉദ്യോഗസ്ഥരെയും പ്രതിയെയും ഞെട്ടിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം ദിയാധനം നല്കി പ്രതിക്ക് മാപ്പ് നല്കാന് നിരവധി തവണ ദയാഹര്‍ജിയുമായി പ്രതിയുടെ ബന്ധുക്കള്‍ അല്‍ഹര്‍ബിയെയും കുടുംബത്തെയും സമീപിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം നിരസിക്കുകയാണുണ്ടായത്.
ഒടുവില്‍ ശിക്ഷ നടപ്പിലാക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കവെ ഉദ്യോഗസ്ഥര്‍ പിതാവിനോട് അന്തിമ അനുമതി തേടിയപ്പോഴാണ് മാപ്പ് നല്‍കുന്നതായി അറിയിച്ചത്. ഒരു നഷ്ടപരിഹാരവും കൂടാതെയാണ് മാപ്പ് നല്‍കിയത്.
ക്ഷമയുടെയും പൊതുമാപ്പിന്റെയും വഴി തെരഞ്ഞെടുത്ത പിതാവിനും കുടുംബത്തിനും അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളുമര്‍പ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് സന്തോഷം പങ്ക് വെച്ചത്.


