13
Nov 2026
Fri
13 Nov 2026 Fri

ജിദ്ദ: ഗതകാല സുഖ ദുഃഖ സ്‌മരണകളുണർത്തുന്ന ‘പൂമ്പാറ്റച്ചിറകുള്ള പാവാടക്കാരി’ എന്ന പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു. മലപ്പുറം കോട്ടക്കൽ പറപ്പൂർ സ്വദേശിയും ജിദ്ദയിലെ കുടുംബിനിയുമായ ഹസീന റഷീദ് (ഇമ്മു ഹസീനു) രചിച്ച ആദ്യപുസ്തകമാണ് പൂമ്പാറ്റച്ചിറകുള്ള പാവാടക്കാരി. ജിദ്ദയിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രകാശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാല്യകൗമാരങ്ങളുടെ കുതൂഹലങ്ങളും വിസ്മയങ്ങളും രേഖപ്പെടുത്തിയ ഈ ഓർമപ്പുസ്തകം ഗൃഹാതുരമായ നിരവധി അനുഭവങ്ങളുടെ മഞ്ചാടിമണികൾ കോർത്ത് വെച്ച പ്രതീതിയാണ് പ്രദാനം ചെയ്തതെന്ന് പുസ്തകം പരിചയപ്പെടുത്തിയ പ്യാരി മിർസ അഭിപ്രായപ്പെട്ടു. ഷറഫിയ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ഇന്ദു ചന്ദ്രശേഖർ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.

താൻ അനുഭവിച്ച സ്കൂൾ കാലഘട്ടത്തിലെ കയ്പ്പും മധുരവും കുസൃതി നിറഞ്ഞ കുട്ടിക്കാലവും ഓർമയിലേക്ക് കൊണ്ട് വന്ന വായനാനുഭവമാണ് ‘പൂമ്പാറ്റച്ചിറകുള്ള പാവാടക്കാരി’ സമ്മാനിച്ചതെന്ന് ഡോ. ഇന്ദു പറഞ്ഞു. പുതിയ തലമുറയ്ക്ക് അപരിചിതമായ കാലത്തിന്റെ നിരവധി അടയാളങ്ങളും പ്രതീകങ്ങളും ഇമ്മു ഹസീനു തന്റെ പുസ്തകത്തിൽ തന്മയത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ടെന്നും കൂടുതൽ അനുഭവങ്ങളുടെ ലോകം ഇനിയും തുറക്കപ്പെടട്ടെയെന്നും കബീർ കൊണ്ടോട്ടി ആശംസിച്ചു.

ചടങ്ങിൽ സലീനാ മുസാഫിർ സ്വാഗതം പറഞ്ഞു. മുസാഫിർ അധ്യക്ഷത വഹിച്ചു. മിർസാ ഷെരീഫ്, സോഫിയ സുനിൽ എന്നിവരുടെ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ റജിയ വീരാൻ, ജ്യോതി ബാബുകുമാർ, അബ്ദുല്ല മുക്കണ്ണി, ഷമീല മൂസ, ജാഫർ പാലക്കോട്, മുംതാസ് പാലോളി, നജീബ് വെഞ്ഞാറമൂട്, അലി അരീക്കത്ത്, അയൂബ് മുസ്‌ലിയാരകത്ത്, അഡ്വ. ഷംസുദീൻ, ഷാജു അത്താണിക്കൽ, അസൈൻ ഇല്ലിക്കൽ, ഹംസ മദാരി, മീലാസ് മുള്ളമ്പാറ തുടങ്ങിയവർ ആശംസ നേർന്നു. തന്റെ എഴുത്തനുഭവങ്ങളെ കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചും മറുപടി പ്രസംഗത്തിൽ ഇമ്മു ഹസീനു വിശദീകരിച്ചു. ഒരു പുസ്തകം പുറത്തിറക്കുക എന്ന അഭിലാഷം സാക്ഷാൽക്കരിച്ചതിന്റെ ചാരിതാർഥ്യവും അവർ പ്രകടമാക്കി. അതിന് പ്രോത്സാഹിപ്പിച്ച കുടുംബ അംഗങ്ങളെയും സുഹൃത്തുക്കളെയും ഇമ്മു ഹസീനു നന്ദി അറിയിച്ചു. നിസാർ മടവൂർ അവതാരകനായ ചടങ്ങിൽ ഷാജി തുമ്പത്ത് നന്ദി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക