19
Nov 2026
Thu
19 Nov 2026 Thu

ജിദ്ദ: പ്രവാസികൾ നമ്മുടെ നാടിന്റെ വികസനത്തിനും അഭിവൃതിക്കും നൽകിയ സംഭാവനകൾ കേരള സർക്കാർ മാനിക്കണമെന്ന് സൗദി ആലപ്പുഴ ജില്ലാ അസോസിയേഷൻ (സവ) ജിദ്ദയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരള സർക്കാരിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലായി നിലനിൽക്കുന്ന പ്രവാസികളെ അവഗനിക്കുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. അതിനാൽ നോർക്ക കെയർ ഇൻഷുറൻസിന്റെ പ്രീമിയം തുക പൂർണ്ണമായും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സവ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. മുഖ്യ മന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. ഏതാനും മാസം മാത്രം കുടിശ്ശയുള്ള അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് അത് അടച്ചു തീർക്കാനുള്ള അവസരം നൽകണമെന്നും ആവശ്യപ്പെടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യയിലെ ജിദ്ദയിലും സമീപ പ്രദേശങ്ങളിലുമുള്ള ആലപ്പുഴ സ്വദേശികളുടെ പ്രവാസി സൗഹൃദ-സേവന കൂട്ടായ്മയായ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ സേവനത്തിന്റെ രണ്ടര പതിറ്റാണ്ടുകൾ പിന്നിടുകയാണ്.

പ്രവാസി ക്ഷേമം, സാമൂഹിക സുരക്ഷ, നാടിന്റെ വികസനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സവ പ്രവാസലോകത്തും സ്വദേശത്തും സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തുറ്റ കൈത്താങ്ങായി മാറിയിരിക്കുകയാണ്.

ഇരുപത്തിയാറാം വയസ്സിലേക്ക് പ്രവേശിക്കുന്ന്ന സവ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മികച്ച സാമൂഹ്യ സേവന പദ്ധതികൾ വിഭാവനം ചെയ്തിരിക്കുകയാണ്. നിർധന യുവതിയുടെ വിവാഹധന സഹായം, അർഹരായവർക്ക് ജീവനോപാധിയായ ഓട്ടോറിക്ഷ, തൊഴിലുപകകരണങ്ങൾ എന്നിവ നവംബർ 30ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകനും പണ്ഡിതനുമായ അൻസാരി സുഹ്‌രി സാന്നിധ്യത്തിൽ വിതരണം ചെയ്യും.

ആലപ്പുഴ ജില്ലയിൽ നിന്നുള്ള സൗദി
പ്രവാസികളെ സവയുടെ അംഗത്വത്തിൽ ചേർക്കാനുള്ള മെംബർഷിപ്പ് ക്യാമ്പയിൻ ഡോ. ഇർഫാൻ നിവാസ് ഉദ്ഘാടനം നിർവ്വഹിച്ചു. പരിചയസമ്പന്നരായ സാമൂഹിക – സാംസ്കാരിക പ്രവർത്തകരുടെയും പ്രൊഫഷണലുകളുടെയും കൂട്ടായ നേതൃത്വത്തിലാണ് സവയുടെ വിജയകരമായ 26 ആണ്ടുകൾ പൂർത്തിയാക്കിയത്.

​സഹകരണത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ഒരു മാതൃകാ പ്രവാസി സമൂഹത്തെ വാർത്തെടുക്കുക, അടിയന്തര ഘട്ടങ്ങളിൽ പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുക, പ്രവാസികളുടെ പുനരധിവാസത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, ആലപ്പുഴയുടെ തനതായ കലയെയും സാംസ്കാരിക പൈതൃകത്തെയും പ്രവാസലോകത്ത് പ്രോത്സാഹിപ്പിക്കുക, ജീവകാരുണ്യ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ,
​ചികിത്സാ-ദുരിതാശ്വാസ സഹായങ്ങൾ, ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിർദ്ധനർക്ക് ചികിത്സാ സഹായ നിധി, പ്രകൃതിക്ഷോഭങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും നാടിന് കൈത്താങ്ങാകുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ,
നിർദ്ധനർക്ക് ഭവന നിർമ്മാണ സഹായം, വിവാഹ സഹായം, വിധവാ പെൻഷൻ എന്നിവയ്ക്ക് പുറമെ സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ഓട്ടോറിക്ഷ, തയ്യൽ മെഷീൻ, മറ്റ് തൊഴിലുപകരണങ്ങൾ എന്നിവയുടെ വിതരണം, ആംബുലൻസ് സേവനം തുടങ്ങിയ പ്രവർത്ത മേഖലകളിലൂടെ യാണ് ലക്ഷ്യമാക്കിയാണ് സവ മുന്നേറുന്നത്.

പ്രവാസി നിയമ-ക്ഷേമ സഹായങ്ങൾ: തൊഴിൽപരവും നിയമപരവുമായ പ്രതിസന്ധികളിൽ അകപ്പെടുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകുക, നോർക്ക (NORKA), പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, ഹജ്ജ് തീർത്ഥാടകർക്കായി ഹാജി സേവനങ്ങൾ ലഭ്യമാക്കുക.
​ *വിദ്യാഭ്യാസ-സാംസ്കാരിക രംഗം*, *​യുവജന ശാക്തീകരണം* : പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് അവാർഡുകളും ക്യാഷ് പ്രൈസുകളും നൽകുന്നു. കൂടാതെ കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം, നേതൃത്വപാടവം എന്നിവയിൽ പരിശീലന കളരികളും സംഘടിപ്പിക്കുന്നു.

പ്രവാസജീവിതത്തിലെ മാനസികോല്ലാസത്തിനായി കുടുംബ സംഗമങ്ങൾ, കായിക മേളകൾ, ഓണാഘോഷം, ഇഫ്താർ സംഗമങ്ങൾ, സാഹിത്യ ചർച്ചകൾ, വായനാക്കൂട്ടായ്മകൾ എന്നിവ സജീവമായി നടത്തിവരുന്നുണ്ട്.

ഈ വർഷാവസാനത്തോടെ വാർഷിക പൊതുയോഗം, അർഹരായവർക്ക് തൊഴിലുപകരണങ്ങളുടെയും വിവാഹ സഹായത്തിന്റെയും വിതരണം, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ സവ ലക്ഷ്യമിടുന്നു.
​സവയിൽ അംഗങ്ങളായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ജിദ്ദയിലെയും സമീപ പ്രദേശങ്ങളിലെയും ആലപ്പുഴ സ്വദേശികളായ പ്രവാസികളെ സംഘടനയിലേക്ക് അംഗത്വം നൽകി ചേർക്കപ്പെടുന്നതാണ്.

പത്രസമ്മേളനത്തിൽ സവ പ്രസിഡണ്ട് മുസ്‌തഫ അബ്ദുൽ സലാം, മുഖ്യ രക്ഷാധികാരി നസീർ വാവാക്കുഞ്ഞ്, ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ, ട്രഷറർ സിദ്ധീഖ് മണ്ണഞ്ചേരി, സെക്രട്ടറി ഇർഷാദ് ആറാട്ടുപുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൊഅയ്‌ബ് സലാം, സൽമാൻ അഷ്‌റഫ് എന്നിവർ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക