Breaking: കോവിഷീല്‍ഡ് വാക്‌സിന്‍ ആസ്ട്രാസെനെക പിന്‍വലിച്ചു
|
ലണ്ടന്‍: കുത്തിവയ്‌പ്പെടുത്തവര്‍ക്ക് മാരകമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോവിഡ് 19 വാക്‌സിനായ കോവിഷീല്‍ഡ് ആഗോളതലത്തില്‍ പിന്‍വലിച്ച് നിര്‍മാതാക്കളായ ആസ്ട്രസെനക്ക. ‘ദ ടെലഗ്രാഫ് ‘ ആണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. കോവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിര്‍മാതാക്കളായ ആസ്ട്രസെനക്ക രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനിയുടെ നീക്കം. എന്നാല്‍, വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി അറിയിച്ചതായി ദ ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വാക്‌സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. കോവിഡ് 19നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്‌സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.
ഓക്‌സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്ന് ആസ്ട്രസെനെക വികസിപ്പിച്ച വാക്‌സിന്‍, സിറം ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.
വാക്‌സിന്‍ സ്വീകരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ബ്രിട്ടണിലെ കോടതിയിലെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്.
AstraZeneca Withdraws Covid Vaccine Globally, Cites Commercial Reasons


