30
May 2024
Thu
30 May 2024 Thu

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനെത്തും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മോദി ഹെലികോപ്റ്റര്‍ വഴി കന്യാകുമാരിലേക്ക് പോകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം വിവേകാനന്ദപ്പാറയില്‍ മോദി ധ്യാനം ഇരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.

പ്രധാനമന്ത്രിയുടെ വരവോടനുബന്ധിച്ച് കന്യാകുമാരിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം നാലായിരത്തിലധികം പൊലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചത്. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയും ഒരുക്കി.

ആദ്യമായാണ് വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്‍നാഥ് ഗുഹയില്‍ മോദി ധ്യാനമിരിന്നിരുന്നു. 1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന പാറയില്‍ 1970 ലാണു സ്മാരകം പണിതത്. കരയില്‍ നിന്ന് 500 മീറ്ററോളം അകലെയാണ് പാറ.

വേനലവധിക്കാലത്തിന്റെ അവസാനനാളുകളിലാണ് പ്രധാനമന്ത്രിയുടെ കന്യാകുമാരി സന്ദര്‍ശനം അറിയിച്ചത്. ഉത്തരേന്ത്യക്കാരുള്‍പ്പെടെയുള്ള നിരവധി ടൂറിസ്റ്റുകളെത്തുന്ന സമയമാണിത്. പദ്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം ക്ഷേത്രം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണനുഭവപ്പെട്ടത്. മുന്‍കൂട്ടി നിശ്ചയിച്ച കന്യാകുമാരി യാത്രയ്ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാരണം തടസ്സമനുഭവപ്പെടും.

നിയന്ത്രണവും പരിശോധനയും ഒഴിവാക്കാന്‍ അധികം പേര്‍ക്കും യാത്ര മാറ്റിെവക്കേണ്ടിവരും. മഴ പെയ്യുന്നതും സന്ദര്‍ശകര്‍ക്കു പ്രതികൂലമാണ്. ഡല്‍ഹിയില്‍നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ കന്യാകുമാരിയില്‍ ക്യാമ്പുചെയ്യുന്നുണ്ട്. തമിഴ്‌നാട് ദക്ഷിണമേഖലാ ഐ.ജി. പ്രവേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട് പോലീസ് ബുധനാഴ്ച മുതല്‍ നിരീക്ഷണം ശക്തമാക്കി. വിവേകാനന്ദപ്പാറയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മീന്‍പിടിത്തത്തിനും വിലക്കേര്‍പ്പെടുത്തി.

Prime Minister Modi will meditate at Kanyakumari’s Vivekananda Rock